Mon. Dec 23rd, 2024
ഡൽഹി:

ഇന്ധനനികുതി വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലാണ് ചിദംബരം ബാലഗോപാലിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്.

പെട്രോൾ, ഡീസൽ ഇനത്തിൽ സമാഹരിച്ച നികുതിയുടെ കണക്ക് ഇന്ന് കേരള ധനമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ കേന്ദ്ര ധനമന്ത്രി അതിനു മറുപടി നൽകണമെന്ന് ട്വീറ്റിൽ ചിദംബരം ആവശ്യപ്പെട്ടു.

2020-21 കാലയളവിൽ എക്‌സൈസ് നികുതി, സെസ്സ്, അഡീഷനൽ എക്‌സൈസ് നികുതി ഇനത്തിൽ 3,72,000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത്രയും വലിയ തുകയിൽ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്‌സൈസ് നികുതിയായി സമാഹരിച്ചത്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ബാക്കി 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് പോയിട്ടുള്ളത്. ഇതാണ് മോദി സർക്കാർ പിന്തുടരുന്ന ‘കോ-ഓപറേറ്റീവ് ഫെഡറലിസം’- ട്വീറ്റിൽ ചിദംബരം പറയുന്നു.

3,54,000 കോടിയെന്ന ഇത്രയും വലിയ തുക എവിടെയെല്ലാമാണ്, എന്തെല്ലാം കാര്യങ്ങൾക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഈ തുകയുടെ ഒരു ഭാഗം കോർപറേറ്റ് നികുതി കുറച്ചതു കാരണമുണ്ടായ വിടവ് നികത്താനാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് കോർപറേറ്റുകൾക്ക് 1,45,000 കോടിയുടെ അനുഗ്രഹവും നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.