Fri. Nov 22nd, 2024
ബംഗളൂരു:

ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ഫാഷൻ പോർട്ടലായ മിന്ത്രയുടെ സി ഇ ഒയായി നന്ദിത സിൻഹയെ നിയമിച്ചു. അമർ നഗരാമിന്​ പകരക്കാരിയായാണ്​ നന്ദിതയെത്തുന്നത്​. ഇതാദ്യമായാണ്​ ഫ്ലിപ്​കാർട്ടി​ന്‍റെ ഉടമസ്ഥതയിലുള്ള ​ഓൺലൈൻ പോർട്ടലിൽ വനിത സി ഇ ഒ എത്തുന്നത്​.

അടുത്ത വർഷം ജനുവരി ഒന്നിന്​ സിൻഹ മിന്ത്രയുടെ സി ഇ ഒയായി ചുമതലയേൽക്കും. സ്വന്തം കമ്പനി തുടങ്ങുന്നതിനായാണ്​ നഗരാം മിന്ത്ര വിടുന്നത്​. അതേസമയം, നന്ദിത സിൻഹ സി ഇ ഒയായി എത്തുമെന്ന വിവരം ഫ്ലിപ്​കാർട്ട്​ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഏഴ്​ വർഷത്തിന്​ ശേഷമാണ്​ ഫ്ലിപ്​കാർട്ടിൽ നിന്നുള്ള നഗരാമി​ന്‍റെ പടിയിറക്കം.

2013 മുതൽ ഫ്ലിപ്​കാർട്ടിലുള്ള നന്ദിത സിൻഹ കമ്പനിയുടെ കസ്​റ്റമർ ഗ്രോത്ത്​, മീഡിയ ആൻഡ്​ എൻഗേജ്​മെൻറ്​ വൈസ്​ പ്രസിഡൻറാണ്​. ഫ്ലിപ്​കാർട്ടി​ന്‍റെ ഓഫർ സെയിലായ ബിഗ്​ ബില്യൺ ഡേയ്​സിന്​ പിന്നിലും അവർ പ്രവർത്തിച്ചിട്ടുണ്ട്​.

ഫ്ലിപ്​കാർട്ട്​ സി ഇ ഒ കല്യാൺ കൃഷ്​ണമൂർത്തിയുടെ വിശ്വസ്​തയുമാണ്​ നന്ദിത സിൻഹ. കോവിഡ്​ തിരിച്ചടിയിൽ നിന്ന്​ ഫ്ലിപ്​കാർട്ട്​ കരകയറുന്നതിനിടെയാണ്​ നന്ദിത സിൻഹ മിന്ത്രയുടെ സി ഇ ഒയായി എത്തുന്നത്​.

2007ലാണ്​ ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഇ-കോമേഴ്​സ്​ സൈറ്റായ മിന്ത്രക്ക്​ തുടക്കം കുറിക്കുന്നത്​. 2014ൽ ഫ്ലിപ്​കാർട്ട്​ മിന്ത്രയെ ഏറ്റെടുത്തു. 2021ൽ മിന്ത്ര അവരുടെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നു.