മലയാള സിനിമയിലെ ‘പിടികിട്ടാപ്പുള്ളി’യായി ഇനി ദുൽഖർ സൽമാൻ മാറും. ‘കുറുപ്പി’ന്‍റെ കുതിപ്പ് ആ ‘പദവി’യിലേക്കുള്ള ദുൽഖറിന്‍റെയും കുതിപ്പാണെന്ന സൂചനയാണ് നൽകുന്നത്. മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു വ്യക്തിക്കും പിടികൊടുക്കാതെ ദുരൂഹതയുടെ മഞ്ഞുമറക്കുള്ളിൽ ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ എന്ന ചിത്രത്തിൽ ദുൽഖർ അത്രമേൽ നിറഞ്ഞാടുകയാണ്.
കുറുപ്പിന്‍റെ വേഷമാറ്റങ്ങൾ, വിഭിന്ന മാനസികനിലകൾ എന്നിവയൊക്കെ ഭദ്രമായി ദുൽഖറിന്‍റെ കൈകളിലൊതുങ്ങി. ഒരു താരം ഇത്രയധികം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു സിനിമയും അടുത്തിടെയൊന്നും മലയാളത്തിൽ ഇറങ്ങിയിട്ടുമില്ല.
സുകുമാരക്കുറുപ്പിനെ കേരളത്തിലെ മുൻ തലമുറക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. സിനിമയിറങ്ങുന്നതുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിന്‍റെ ജീവിതം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനാൽ പുതിയ തലമുറക്കും കുറുപ്പ് ഇപ്പോൾ സുപരിചിതനാണ്.
സ്വന്തം പേരിലുള്ള ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ തന്‍റെ അതേ ശരീര പ്രകൃതമുള്ള ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ കുറുപ്പിന്‍റെ ജീവിതത്തെ മാത്രമാണോ സിനിമ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ അല്ലെന്ന് തന്നെ പറയാം. കുറുപ്പിന്‍റെ ക്രിമിനലിസത്തിനൊന്നും സിനിമയിൽ യാതൊരുവിധ ഹീറോ മഹത്വവത്കരണവും കൊടുക്കുന്നില്ല എന്നതും ആശ്വാസമേകുന്നു.
സിനിമയിൽ സുകുമാരക്കുറുപ്പ്, ഗോപീകൃഷ്ണന്‍ എന്ന സുധാകരക്കുറുപ്പ് ആയി മാറിയിട്ടുണ്ട്. നായകന്‍ ആയി തോന്നുവർക്ക് നായകനും വില്ലനായി തോന്നുന്നവർക്ക് വില്ലനുമാണ് അയാൾ.