Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ ജൻമദിനത്തിൽ കുട്ടിക്കാലം ഓർമിപ്പിച്ച്​ നടി ജൂഹി ചൗള. ഷാരൂഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ ജൂഹിയായിരുന്നു മയക്കു മരുന്ന്​ കേസിൽ ജയിലിലായ ആര്യന്​ ജാമ്യത്തിനായി കോടതിയിൽ ആൾ ജാമ്യം നിന്നത്​. ആര്യന്‍റെ ജൻമദിനത്തിൽ വ്യത്യസ്​തമായ ആശംസയുമായാണ്​ പിതാവിന്‍റെ അടുത്ത സുഹൃത്ത്​ രംഗത്തുവന്നിരിക്കുന്നത്​.

സഹോദരി സുഹാന ഖാൻ, ജൂഹി ചൗളയുടെ മകൾ ജാഹ്‌നവി മേത്ത, മറ്റ് സുഹൃത്തുക്കൾ എന്നിവരുമൊത്തുള്ള ആര്യൻ ഖാന്‍റെ കുട്ടിക്കാലത്തെ ചിത്രമാണ്​ ജൂഹി ഇൻസ്​റ്റ ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്​. ‘ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത മുൻ നിർത്തി ഞങ്ങളടെ സ്വകാര്യ ആൽബത്തിൽനിന്നും ഒരു ചിത്രമിതാ. ആര്യൻ നിനക്ക്​ ജൻമദിനാശംസകൾ. നിനക്ക്​ സർവ ശക്​തന്‍റെ അനുഗ്രഹം എല്ലായ്​പ്പോഴും ഉണ്ടാക​ട്ടെ.

നിന്നെ സ്നേഹിക്കുന്നു’ -അവർ കുറിച്ചു. ആര്യന്‍റെ 24ാമത്​ ജൻമദിനമാണിത്​. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ വേട്ടക്കിടെയാണ്​ അടുത്തിടെ ആര്യൻ ഖാൻ അറസ്റ്റിലായത്​. അതിന്‍റെ രാഷ്​ട്രീയ അലയൊലികൾ ഇനിയും മുംബൈയിൽ ഒടുങ്ങിയിട്ടില്ല.