Sat. Apr 27th, 2024
പത്തനംതിട്ട:

ശബരിമല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പൊലീസിന്റെ വെർച്വൽ ക്യൂവിനെ വിമർശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പൊലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മാത്രം വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്.

അതിന് പകരമായി ദേവസ്വം ബോർഡും പൊലീസും ചേർന്ന് വെർച്വൽ ക്യൂ നടപ്പാക്കുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പും പരാതിയുമുണ്ട്. വെർച്വൽ ക്യൂ എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. ശബരിമലയിലെ വരുമാനത്തിൽ കോട്ടം പറ്റിയാൽ ദേവസ്വം ബോർഡിനെ മുഴുവൻ ബാധിക്കുമെന്നും കണ്ഠരര് രാജീവര് ഓർമ്മിപ്പിച്ചു. അതിനിടെ ശബരിമലയിലെ നിയന്ത്രണത്തോടെയുള്ള തീർത്ഥാടനത്തോട് പന്തളം കൊട്ടാരം എതിർപ്പ് പ്രകടിപ്പിച്ചു.

പരന്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടാണെന്നാണ് വിമർശനം. തീർത്ഥാടന കാലത്ത് ഏറ്റവും അധികം ആളുകൾ എത്തുന്ന പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല.