Wed. Apr 24th, 2024
എടപ്പാൾ:

എടപ്പാൾ മേൽപാലം ഉദ്ഘാടനം ഈ മാസം 26ന് ഉറപ്പിച്ചു. നേരത്തേ പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. ഒടുവിൽ 26ന് വൈകിട്ട് 3ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന അന്തിമ അറിയിപ്പ് ലഭിച്ചു.

ജോലികൾ അന്തിമഘട്ടത്തിൽ എത്തിയതിനാൽ ഈ ദിവസം ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. 2019 ഫെബ്രുവരി ഒന്നിന് ആണ് കരാർ കമ്പനിക്ക് നിർമാണച്ചുമതല കൈമാറിയത്. 18 മാസമായിരുന്നു കാലാവധി. ഇതുപ്രകാരം 2020 ജൂലൈ 30ന് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതായിരുന്നു എങ്കിലും വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു.

ഒടുവിൽ 33 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് പാലം നാടിനു സമർപ്പിക്കുന്നത്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ ടാറിങ് ജോലികൾ ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മഴ അൽപം വിട്ടുനിന്നാൽ ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും ഗതാഗതം നിരോധിച്ച് ടാറിങ് നടത്താനാണ് ഒടുവിലത്തെ തീരുമാനം.

വൈദ്യുതകേബിൾ ഭൂമിക്ക് അടിയിലൂടെ കൊണ്ടുപോകുന്ന ജോലികൾ അവസാനഘട്ടത്തിൽ എത്തി. അതേസമയം തൃശൂർ–കുറ്റിപ്പുറം റോഡിൽ ശുദ്ധജല പൈപ്‌ലൈൻ ഇടയ്ക്കിടെ പൊട്ടുന്നത് വെല്ലുവിളി ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂർ റോഡിലെ പൈപ്പ് തകർന്ന് വെള്ളം ടൗണിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതിന്റെ തകരാർ പരിഹരിച്ചതോടെ ഇന്നലെ കുറ്റിപ്പുറം റോഡിൽ വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകിയെത്തി. ടാറിങ് പൂർത്തിയായ ശേഷം ഇത്തരത്തിൽ പൈപ്പ് പൊട്ടിയാൽ റോഡ് വെട്ടിപ്പൊളിക്കേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.