Sat. May 4th, 2024
കുമ്പനാട്:

ഏഴ് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് 127.35 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ശുദ്ധജല വിതരണ പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിലെ തർക്കം പരിഹരിക്കാൻ കഴിയാതെ ഇരുട്ടിൽ. തിരുവല്ല താലൂക്കിലെ കോയിപ്രം, തോട്ടപ്പുഴശേരി, ഇരവിപേരൂർ, എഴുമറ്റൂർ, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇത് റാന്നി, തിരുവല്ല, ആറന്മുള എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്ള പഞ്ചായത്തുകളാണ്.

കോയിപ്രം പഞ്ചായത്തിലാണ് 3.87 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടത്. 3 പേരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥലങ്ങൾ. ഭൂമി ഏറ്റെടുക്കുന്നതിലെ നഷ്ട പരിഹാരത്തെ ചൊല്ലിയുള്ള തർക്കം കോടതിയിൽ എത്തിയതോടെയാണ് ശുദ്ധജല പദ്ധതി എങ്ങുമെത്താതെ തുടരുന്നത്.

2018 നവംബറിൽ സാമൂഹിക പ്രത്യാഘാത പഠനം പബ്ലിക് ഹിയറിങ് ഉൾപ്പെടെ നടത്തി റിപ്പോർട്ടും തയാറാക്കിയിരുന്നു. ശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി കിഫ്ബിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണ്. മണിമലയാറിൽ നിന്ന് വെള്ളം തുടർച്ചയായി പമ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് പമ്പാ നദിയിൽ ശുദ്ധജലം ശേഖരിക്കാനുള്ള കിണർ സ്ഥാപിക്കാനായി തിരഞ്ഞെടുത്തത്. നിലവിൽ ഇരവിപേരൂർ പദ്ധതിയിൽ പ്രയാറ്റ് കടവിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.

കോയിപ്രം പഞ്ചായത്തിലെ പൂവത്തൂരിൽ ശുദ്ധജല കിണർ സ്ഥാപിക്കുന്നതിനാണ് പുതിയ പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമാകുന്നു എന്നതാണ് ഇവിടെ തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ നിലവിലുള്ള പമ്പ് ഹൗസിൽ 42.33 കോടി ആദ്യ ഘട്ടമായി അനുവദിച്ചിരുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ, ഇൻടേക് വെൽ നിർമാണം, ജല ശുദ്ധീകരണ പ്ലാന്റ് നിർമാണം എന്നിവയാണ് നടപ്പാക്കേണ്ടത്. രണ്ടാം ഘട്ടത്തിലാണ് ജല വിതരണം ഉൾപ്പെടെയുള്ളവയ്ക്കായുള്ള പദ്ധതി . പമ്പാ തീരത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടത്. തർക്കം പരിഹരിക്കാൻ ജന പ്രതിനിധികൾ കൂട്ടായി പരിശ്രമിച്ചില്ലെങ്കിൽ കടുത്ത വേനലിനെ കാത്തിരിക്കുന്ന ഓരോ വർഷവും കനത്ത വരൾച്ചയെ നേരിടാൻ ജനം പെടാപ്പാടു പെടും.