Thu. Apr 25th, 2024
മഹാരാഷ്ട്ര:

കൊവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ ആളുകളെ വാക്‌സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബമ്പർ ഓഫർ പ്രഖ്യാപിച്ച് ഒരു കോർപ്പറേഷൻ. വാക്‌സിൻ എടുക്കുന്നവർക്ക് എൽഇഡി ടിവികൾ, റഫ്രിജറേറ്ററുകൾ മുതൽ വാഷിംഗ് മെഷീനുകൾ വരെ സമ്മാനമായി ലഭിക്കും. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മുനിസിപ്പൽ കോർപ്പറേഷനാണ് വ്യത്യസ്തമായ രീതിയിൽ ആളുകളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.

നവംബർ 12 മുതൽ 24 വരെ വാക്‌സിൻ എടുക്കുന്നവർക്കാണ് വലിയ സമ്മാനങ്ങൾ കാത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ വാക്‌സിൻ എടുത്ത് മടങ്ങുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാം. യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനമായി റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽഇഡി ടെലിവിഷൻ എന്നിവയാണ് നൽകുക. ഇത് കൂടാതെ 10 പേർക്ക് മിക്സർ-ഗ്രൈൻഡറുകൾ സമാശ്വാസ സമ്മാനമായി ലഭിക്കുമെന്നും പൗരസമിതി അറിയിച്ചു.

കഴിഞ്ഞ ദിവസം മേയർ രാഖി സഞ്ജയ് കാഞ്ചർലവാറിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് വ്യത്യസ്തമായ തീരുമാനം എടുത്തത്. ചന്ദ്രപൂർ നഗരത്തിൽ ഇതുവരെ 1,93,581 പേർ ആദ്യ ഡോസ് വാക്സിൻ എടുത്തു. 99,620 പേർ രണ്ട് ഡോസും എടുത്തിട്ടുണ്ട്. എന്നാൽ നഗരത്തിലെ മൊത്തം ആളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തിവയ്പ്പുകളുടെ എണ്ണം കുറവാണ്.

21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അർഹരായ എല്ലാ ആളുകളും എത്രയും വേഗം വാക്‌സിനേഷൻ എടുക്കണമെന്നും മേയർ അറിയിച്ചു. കച്ചവടക്കാരും അവശ്യ സേവന ദാതാക്കളും കടയുടമകളും കുറഞ്ഞത് ഒരു ഡോസെങ്കിലും എടുത്തിരിക്കണെന്നും അല്ലെങ്കിൽ നഗരത്തിലെ മാർക്കറ്റുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.