കാസർകോട്:
‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ കഴിഞ്ഞ് കാസർകോട് മഞ്ചേശ്വരം വരെയുണ്ടെന്ന കാര്യം മറന്ന പോലെയാണു പലപ്പോഴും റെയിൽവേയുടെ നടപടികളെന്ന് സ്ഥിരം യാത്രക്കാർ പരാതിപ്പെടുന്നു. എക്സ്പ്രസായി ഓടുന്ന പാസഞ്ചറുകളും സ്പെഷൽ ട്രെയിനുകളും കയറി കീശ കാലിയാകുന്നുവെന്ന പരാതിയാണ് ഇവർക്കുള്ളത്.
ജനപ്രതിനിധികൾ ഉൾപ്പെടെ ശക്തമായി സമ്മർദം ചെലുത്തണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങൾ സമ്മർദം ചെലുത്തി പുതിയ ട്രെയിനുകൾ നേടിയെടുക്കുന്നുണ്ട്. ദീപാവലിക്കു ശേഷം കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗവും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തമിഴ്നാടിന് 9 ട്രെയിനുകൾ അനുവദിച്ചപ്പോഴഉം കേരളത്തിന് ഒന്നും ലഭിച്ചില്ല.
ആവശ്യങ്ങൾ
∙ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനായി സർവീസ് നടത്തുക
∙ സ്പെഷൽ എക്സ്പ്രസുകളിൽ ജനറൽ കംപാർട്മെന്റും സീസൺ ടിക്കറ്റ് യാത്രയും അനുവദിക്കുക
∙ ഇന്റർസിറ്റിക്കു നീലേശ്വരത്തും പരശുറാമിനു ചെറുവത്തൂരും സ്റ്റോപ് അനുവദിക്കുക
∙ പാസഞ്ചർ ട്രെയിനുകളിലെ എക്സ്പ്രസ് ചാർജ് നിർത്തലാക്കുക
∙ എക്സ്പ്രസുകളിൽ അൺറിസർവ്ഡ് കംപാർട്മെന്റുകൾ അനുവദിക്കുക
∙ ഹാൾട്ട് സ്റ്റേഷനുകളിൽ മുൻപുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക
∙ മംഗളൂരു- കണ്ണൂർ സ്പെഷൽ ട്രെയിനിന്റെ സമയം കോവിഡിനു മുൻപ് സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനിന്റെ സമയത്തിലേക്കു മാറ്റുക