ഡാലസ് (യുഎസ്):
കൂറ്റൻ കാൽപാടുകൾ മാത്രം ബാക്കിയാക്കി ഇരുട്ടിലേക്ക് മറയുന്ന ബാസ്കർവിൽസ് വേട്ടനായയുടെ ഭയമുണർത്തുന്ന കഥ ഇന്നും ജീവിക്കുന്നു. ആർതർ കോനൻ ഡോയ്‌ലിന്റെ വിഖ്യാത ഡിറ്റക്ടീവ് നോവൽ ‘ദ ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തുപ്രതിയുടെ ഒരു പേജ് ലേലത്തിൽ വിറ്റത് 4,23,000 ഡോളറിന് (3.13 കോടി രൂപ).
ചതുപ്പിൽ നടന്ന കൊലപാതകത്തിനു പിന്നിലാരെന്ന് കുറ്റാന്വേഷകൻ ഷെർലക് ഹോംസും സന്തതസഹചാരി ഡോ വാട്സനും ചർച്ച ചെയ്യുന്ന ഭാഗമാണ് പേജിലുള്ളത്. 13–ാം അധ്യായമായ ‘വല വിരിക്കുമ്പോൾ’ തുടങ്ങുന്നത് ഈ പേജിലാണ്. ഹെറിറ്റേജ് ഓക്‌ഷൻസാണു ലേലം നടത്തിയത്.
1902 ലാണ് നോവൽ പുറത്തിറങ്ങിയത്. കോനൻ ഡോയ്‌ൽ സ്വന്തം കൈപ്പടയിൽ എഴുതി, ചിലയിടങ്ങളിൽ വെട്ടിത്തിരുത്തലുകൾ നടത്തിയ 37 പേജുകൾ മാത്രമാണ് വായിക്കാവുന്ന അവസ്ഥയിൽ അവശേഷിക്കുന്നത്.