ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആക്കിയേക്കുമെന്ന് സൂചന. നിലവിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ. എന്നാൽ, വർഷങ്ങളോളമായി മോശം ഫോമിൽ കളിക്കുന്ന രഹാനെയെയും പൂജാരയെയും ടീമിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലെ വൈസ് ക്യാപ്റ്റൻ സ്ഥാനം രോഹിതിനു ലഭിക്കും.
ന്യൂസീലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഈ മാറ്റം ഉണ്ടാവില്ല. പുതിയ പരിശീലകനു കീഴിൽ ടീം എങ്ങനെ പ്രകടനം നടത്തുന്നു എന്ന് പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തുടർന്ന് വരുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാവും ഈ മാറ്റങ്ങൾ ഏർപ്പെടുത്തുക.
അതേസമയം, രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കൊഹ്‌ലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
വിരാട് കൊഹ്‌ലിക്കും, ജസ്പ്രീത് ബുംറയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഈ ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.
ന്യൂസീലൻഡ് പര്യടനം മുതൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.