Mon. Dec 23rd, 2024
മുംബൈ:

ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കർഷകർക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ട്.

കർഷകർക്കിടയിലെയ്ക്ക് വാഹനം ഒടിച്ച് കയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കർഷകർക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കർഷകർ ആക്ഷേപം ഉന്നയിച്ചിരുന്നു. സ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകളും പൊലിസ് കണ്ടെടുത്തു. ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസൻസുള്ള ആയുധങ്ങൾ ലഖിംപൂർ ഖേരി പൊലീസ് തുടർന്ന് കസ്റ്റഡിയിലെടുത്തു. ഇവ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ടിലാണ് ആശിഷിന് തിരിച്ചടിയാകുന്ന കണ്ടെത്തൽ.

പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസൻസുള്ള തോക്കുകളിൽനിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ ഖേരി സന്ദർശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കർഷകർക്കുനേരേ വാഹനം ഇടിച്ചുകയറിയത്. നാല് കർഷകരും മാധ്യമപ്രവർത്തകനും ഉൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിനെ സുപ്രിംകോടതി രൂക്ഷമായ് വിമർശിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കർഷകർക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.