Sat. Nov 16th, 2024
കോഴിക്കോട്‌:

പരിസ്ഥിതി മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത്‌ ഒരുങ്ങി. കോഴിക്കോട്‌ കോർപറേഷൻ നേതൃത്വത്തിൽ വെസ്‌റ്റ്‌ഹിൽ, നല്ലളം ശാന്തിനഗർ, പുതിയപാലം ശ്‌മശാനങ്ങളിലാണ്‌ വാതകമുപയോഗിച്ച്‌ മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്‌.
മൂന്നിടങ്ങളിലുമായി 1.6 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം.

വെസ്‌റ്റ്‌ഹില്ലിലും നല്ലളത്തും പരീക്ഷണാടിസ്ഥാനത്തിൽ ശ്‌മശാനം കഴിഞ്ഞ ദിവസം പ്രവർത്തിച്ചു. പുതിയപാലത്ത്‌ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികൂടിയുണ്ട്‌.രണ്ട്‌ ദിവസത്തിനകം ആ പ്രവൃത്തിയും പൂർത്തിയാകും. നഗരത്തിന്‌ പുറത്തുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മൃതദേഹങ്ങളും ഈ ശ്‌മശാനങ്ങളിൽ എത്താറുണ്ട്‌.

വെസ്‌റ്റ്‌ഹില്ലിൽ വാതക ശ്‌മശാനത്തിൽ ഒരേ സമയം രണ്ട്‌ മൃതദേഹം സംസ്‌കരിക്കാം. താൽക്കാലികമായി ഒരു മൃതദേഹം സംസ്‌കരിക്കാനാണ്‌ ക്രമീകരണം ഏർപ്പെടുത്തിയത്‌. നല്ലളത്തും പുതിയപാലത്തും ഒരേ സമയം ഓരോ മൃതദേഹം സംസ്‌കരിക്കാം. ഒരുദിവസം ശരാശരി 10 മൃതദേഹം സംസ്‌കരിക്കാനാവും. രണ്ട്‌ വർഷം മുമ്പ്‌ ആരംഭിച്ച നിർമാണപ്രവൃത്തിക്ക്‌ കൊവിഡ്‌ പ്രതിസന്ധിയാണ്‌ കാലതാമസമുണ്ടാക്കിയത്‌.

30 മീറ്റർ ഉയരത്തിലാണ്‌ ഈ വാതക ശ്‌മശാനങ്ങളുടെ ചിമ്മിനി സജ്ജീകരിച്ചത്‌. സമീപ പ്രദേശങ്ങളിൽ കാര്യമായ പുകയുണ്ടാവില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം പാലിച്ചാണ്‌ പ്രവർത്തനം. പുക ശുചീകരണത്തിനായി വാട്ടർ ടാങ്ക്‌ വഴി കടത്തിവിടും. പിന്നീട്‌ ചിമ്മിനിയിലെത്തുന്ന പുകയിൽ സ്‌ക്രബ്ബർ ഉപയോഗിച്ച്‌ വീണ്ടും വെള്ളമടിച്ച്‌ ശുചീകരിച്ചാണ്‌ പുറത്തുവിടുക.