Wed. Jan 22nd, 2025

വടക്കഞ്ചേരി:

കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേ​ഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ്‌ വീണ്ടും സജീവമായത്‌. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി.

നിർമാണ പുരോഗതി വിലയിരുത്താൻ ചൊവ്വാഴ്‌ച തൃശൂര്‍ കലക്‌ടര്‍ ഹരിത വി കുമാർ എത്തി. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തീകരിക്കാൻ കലക്‌ടർ നിർദേശിച്ചു.അടുത്ത ദിവസം റവന്യു മന്ത്രി കെ രാജ​ന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.

രണ്ടാംതുരങ്കത്തിനുള്ളിലെ ഗാൻട്രി കോൺക്രീറ്റിങ് അവസാനഘട്ടത്തിലാണ്, റോഡ് കോൺക്രീറ്റിങ്, അഴുക്കുചാൽ നിർമാണം എന്നിവയും പുരോഗമിക്കുന്നു. ഇതു പൂര്‍ത്തിയായശേഷം വൈദ്യുതീകരണം, ക്യാമറ സ്ഥാപിക്കൽ ഉൾപ്പെടെ ആരംഭിക്കും. മാർച്ചോടെ നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

2016-ൽ ആരംഭിച്ച തുരങ്കം നിർമാണം ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥയെത്തുടർന്ന് മുടങ്ങിയപ്പോൾ സംസ്ഥാന സർക്കാര്‍ ഇടപെട്ടതിനെ തുടർന്നാണ് ഒരു തുരങ്കം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ജൂലൈ 31 നാണ്‌ ഒന്നാം തുരങ്കം തുറന്നത്‌.