Mon. Dec 23rd, 2024

ട്വന്റി 20 ക്രിക്കറ്റില്‍ മുവായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂവായിരം ക്ലബിലെത്തുന്ന മൂന്നാം താരമാണ് രോഹിത്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നവരാണ് രോഹിതിനൊപ്പം മൂവായിം ക്ലബിലുള്ള താരങ്ങള്‍. ടീം ഇന്ത്യയുടെ ട്വന്റി 20 നായകനാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മൂവായിരം റണ്‍സ് ക്ലബിലേക്ക് രോഹിത് ശര്‍മയുടെ മാസ് വരവ്.

പതിവ് പോലെ സിക്സര്‍ നേടിയാണ് രോഹിത് നേട്ടം ആഘോഷിച്ചത്. വിരാട് കോഹ്‌ലി ഒറ്റയ്ക്ക് അലങ്കരിച്ചിരുന്ന മൂവായിരം റണ്‍സ് ക്ലബിലേയ്ക്ക് ഈ ടൂര്‍ണെന്റിനിടെയാണ് ഗപ്റ്റിലും രോഹിതുമെത്തുന്നത്. സ്കോട്ട്ലാൻഡിനെതിരായ മല്‍സരത്തിലാണ് മൂവായിരം രാജ്യാന്തര ട്വന്റി 20 റണ്‍സെന്ന നേട്ടം ഗപ്റ്റില്‍ സ്വന്തമാക്കിയത്.

105ാം രാജ്യാന്തര മല്‍സരത്തിലാണ് നേട്ടം. 87ാം രാജ്യാന്തര മല്‍സരത്തിലായിരുന്നു വിരാട് കോഹ്‌ലി മൂവായിരം റണ്‍സ് പിന്നിട്ടത്. നൂറ്റി പതിനഞ്ച് മല്‍സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സൂപ്പര്‍ 12ലെ അവസാന മല്‍സരത്തില്‍ നമീബിയക്കെതിരെയാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്.