Mon. Dec 23rd, 2024
ഇസ്‌ലാമാബാദ്:

ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന്​ പ്രഖ്യാപിച്ച പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ് അക്​തറിന് ചാനൽ 10 കോടി രൂപ നഷ്​ട പരിഹാരം ആവശ്യപ്പെട്ട്​ നോട്ടിസ് അയച്ചു. പാക്കിസ്​താൻ ടെലിവിഷൻ കോ‍ർപറേഷൻ (പി ടി വി) ആണ്​ നോട്ടീസ്​ അയച്ചത്​. ‘ഗെയിം ഓൺ ഹെ’ എന്ന ചാനലിലെ ലൈവ്​ പരിപാടിക്കിടെ അവതാരകൻ നൗമാൻ നിയാസുമായുണ്ടായ വാക്ക്​ തർക്കത്തെ തുടർന്നാണ്​ അക്​തർ രാജി പ്രഖ്യാപിച്ച്​ പരിപാടി മുഴുമിപ്പിക്കാതെ സ്​ഥലം വിട്ടത്​.

സംഭവം കരാർ ലംഘനമാണെന്നും പി ടി വിക്ക്​ ഇത്​ വൻ സാമ്പത്തിക നഷ്​ടം വരുത്തിയെന്നും അക്​തറിനയച്ച നോട്ടീസിൽ പറയുന്നു. മൂന്ന്​ മാസത്തെ ശമ്പളമായ 33.33 ലക്ഷം രൂപ താരം തിരിച്ചടക്കണമെന്നും ചാനൽ ആവശ്യപ്പെട്ടു. കരാ‍ർ കാലയളവിൽ ഇന്ത്യൻ താരം ഹർഭജൻ സിങിനൊപ്പം ഇന്ത്യൻ ചാനലിൽ അക്​തർ പരിപാടിയിൽ പങ്കടുത്തതും പി ടി വി ചോദ്യം ചെയ്​തിട്ടുണ്ട്​. എന്നാൽ, ചാനലിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്നും തന്‍റെ അഭിഭാഷകൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അക്​തർ ട്വിറ്ററിലൂടെ അറിയിച്ചു.