Mon. Dec 23rd, 2024
ന്യൂഡൽഹി:

പഠിച്ചിട്ടില്ല, ജോലി ഓറഞ്ച് വിൽപ്പന, പക്ഷേ ഒരു ഗ്രാമത്തിനായി സ്കൂൾ നിർമ്മിച്ചു ഹരേകല ഹജ്ജബ്ബ ,ഒടുവിൽ തന്റെ പ്രയത്നത്തെ അംഗീകരിച്ച് രാജ്യം അദ്ദേഹത്തിന് പത്മ പുരസ്കാരം നൽകി. ഇത് ഒരു സിനിമാ കഥയല്ല, കഥകളെ പോലും വെല്ലുന്ന ജീവതയാഥാർത്ഥ്യം. കർണാടകയിലെ മംഗലാപുരം സ്വദേശിയാണ് ഹജ്ജബ്ബ.

ഒരിക്കൽപ്പോലും സ്കൂൾ പടി ചവിട്ടാൻ ഭാഗ്യമുണ്ടായിട്ടില്ല ഹജ്ജബ്ബയ്ക്ക്. എന്നാൽ മംഗലാപുരത്തെ ഉൾഗ്രാമമായ ഹരേകാല ന്യൂപഡ്പുവിൽ അദ്ദേഹം സ്കൂൾ നിർമ്മിച്ചു. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞുമക്കൾക്ക് ലഭിക്കണമെന്ന ആ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനാണ് രാജ്യം ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ പത്മശ്രീ നൽകിയത്.

സ്കൂൾ നിർമ്മിച്ച് ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 66 കാരനായ അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള 175 കുട്ടികൾ ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഹജ്ജബ്ബ 1977 മുതൽ മംഗലാപുരം ബസ് സ്റ്റാന്റിൽ ഓറഞ്ച് കുട്ടയിലാക്കി വിൽപ്പന നടത്തുകയാണ്. ഇതുവരെ സ്കൂളിൽ പോയിട്ടില്ല, വായിക്കാനോ എഴുതാനോ അറിയില്ല, ഈ ഗതി വരുന്ന തലമുറയ്ക്ക് ഉണ്ടാകരുതെന്ന ചിന്ത ഹജ്ജബ്ബയിലുണ്ടായത് 1978 ലാണ്.

അന്ന് മംഗലാപുരത്ത് ഓറഞ്ച് വിൽക്കുന്നതിനിടെ ഒരു വിദേശി അദ്ദേഹത്തിന് മുന്നിലെത്തി, ഓറഞ്ചിന്റെ വില ചോദിച്ചു. അന്ന് ആ വിദേശിക്ക് മറുപടി നൽകാൻ അറിയാതെ പോയതിലും അദ്ദേഹത്തെ സഹായിക്കാനാകാതിരുന്നതിൽ നിന്നുമാണ് ഹജ്ജബ്ബ തന്റെ ഗ്രാമത്തിൽ സ്കൂൾ നിർമ്മിക്കണം എന്ന ആലോചിച്ച് തുടങ്ങുന്നത്.