Wed. Nov 6th, 2024
കണ്ണൂർ:

ഭൂമിയില്‍ വിള്ളൽ വീണതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈലാസം പടിയിലാണ് ഭൂമിയില്‍ വിളളല്‍ വീഴുന്നത്. രണ്ട് വീടുകള്‍ പൂര്‍ണമായും പതിനാലോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഭൂമി കൃഷി യോഗ്യമല്ലാതാവുക കൂടി ചെയ്തതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് പ്രദേശത്തെ കര്‍ഷക കുടുംബങ്ങള്‍. 2004 ലാണ് ഇവിടെ ആദ്യം വിളളല്‍ പ്രത്യക്ഷപ്പെട്ടത്. 2018ലെ പ്രളയകാലത്ത് സ്ഥിതി രൂക്ഷമായി. ഒരു കിലോമീറ്ററോളം ഭൂമി വിണ്ടുകീറി.

മൂന്ന് വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തുടര്‍ന്നു വന്ന ഓരോ മഴക്കാലത്തും പ്രദേശത്തെ വിളളലിന്‍റെ വ്യാപ്തി വര്‍ധിച്ചു വന്നു. ഇപ്പോള്‍ മുപ്പതോളം കുടുംബങ്ങളെ ഇത് ബാധിച്ചിരിക്കുന്നു.

മഴ ശക്തി പ്രാപിച്ചാല്‍ ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറും. ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലമൊരുക്കുന്നതും പഞ്ചായത്ത് വിലക്കിയിട്ടുണ്ട്. ഇതോടെ കാര്‍ഷിക വൃത്തിയും നിലച്ചു.

മൂന്ന് വര്‍ഷം മുന്‍പ് ജിയോളജി വകുപ്പും നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും പ്രദേശത്ത് പഠനം നടത്തിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും തുടര്‍നടപടികളുണ്ടാകുമെന്നുമായിരുന്നു വാഗ്ദാനം. വീട് പൂര്‍ണമായും തകര്‍ന്ന മൂന്ന് പേര്‍ക്ക് തുച്ഛമായ സഹായം ലഭിച്ചെതാഴിച്ചാല്‍ മറ്റൊരിടപെടലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.