Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ് നിർദേശം.മലിനീകരണ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിളിച്ച ഉന്നതല യോഗം തുടരുകയാണ്. വായുമലിനീകരണത്തില്‍ ഇന്ന് നേരിയ പുരോഗതി രേഖപ്പെടുത്തി.

ഡൽഹിയെ ശ്വാസം മുട്ടിച്ച് വായു മലിനീകരണം രൂക്ഷമായി തുടരുമ്പോൾ മലിനികരണത്തിന് കാരണമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം. ഡൽഹി അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകൾ,ഇഷ്ടികച്ചൂളകള്‍, ടാര്‍ മിക്സിങ് പ്ലാന്‍റുകള്‍ തുടങ്ങിയവ താല്‍ക്കാലികമായി അടയ്ക്കണം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം കുറയ്ക്കണം.

പകരം പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങളിലെ ഉല്പാദനം പരമാവധിയാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. നിര്‍ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന് ബോര്‍ഡ് കൈമാറി. അതേസമയം ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഡൽഹിയിലെ വായുനില വളരെ മോശം നിലയിലേക്ക് മെച്ചപ്പെട്ടു.

ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടാൻ കാരണമായത്. രാവിലെ ഡല്‍ഹിയിലെ ആകെ വായുനിലവാര സൂചിക 372 ആണ്. നഗരത്തിലെ ചിലയിടങ്ങളില്‍ ഇത് അ‍ഞ്ഞൂറിന് മുകളില്‍ തുടരുകയാണ്. മലിനീകരണത്തെ തുടര്‍ന്ന് യമുന നദിയില്‍ പൊങ്ങിയ വിഷപ്പതയില്‍ മാറ്റമില്ല. യമുന മാലിനികരണം യു പി, ഹരിയാന സർക്കാരുകളുടെ ഡൽഹിക്കുള്ള സമ്മാനമാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു