Mon. Dec 23rd, 2024

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സാം ബോംബെയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. തലയ്ക്കും കണ്ണിനും മുഖത്തിനും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്.

സംവിധായകനും നിര്‍മ്മാതാവും കൂടിയായ സാം ബോബെക്കെതിരെ ഇതിനു മുന്‍പും നടി രംഗത്തുവന്നിട്ടുണ്ട്. 2020ല്‍ തന്നെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു.

തുടർന്ന് സാമിനെ ഗോവയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. മൃഗത്തെപ്പോലെയാണ് സാം തന്നോട് പെരുമാറുന്നതെന്നും ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും പൂനം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”ഞങ്ങളുടെ വഴക്ക് രൂക്ഷമായപ്പോള്‍ അയാള്‍ എന്നെ തല്ലാന്‍ തുടങ്ങി. അവൻ എന്നെ ശ്വാസം മുട്ടിച്ചു, ഞാൻ മരിച്ചുപോകുമായിരുന്നു. അവൻ എന്‍റെ ദേഹത്ത് മുട്ടുകുത്തി, എന്നെ കീഴ്പ്പെടുത്തി, എന്നെ ആക്രമിച്ചു. ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഞാന്‍ പുറത്തേക്ക് ഓടുകയായിരുന്നു” പൂനം പാണ്ഡെ പറഞ്ഞു. 2020 സെപ്തംബര്‍ 10നാണ് മുംബൈയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ വച്ച് പൂനെയും സാമും വിവാഹിതരാകുന്നത്.