Mon. Dec 23rd, 2024
ന്യൂഡൽഹി:

പരിസ്ഥിതി മലിനീകരണം തുടര്‍ന്നാല്‍ 2500 ആകുമ്പോഴേക്കും ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പുമായി ഗവേഷകർ. ആമസോണ്‍ കാടുകള്‍ മരുഭൂമിയായി മാറും, ഇന്ത്യയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും സാധ്യമല്ലാത്തവിധം ചൂട് ഉയരുമെന്നും ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷക സംഘം വ്യക്തമാക്കുന്നു. പരിസ്ഥിതി സാമൂഹ്യ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ ലയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിസ്ഥിതി മലിനീകരണം ഇതേ പടി തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് പറയുന്ന പഠനം നടത്തിയത്.

‘നമ്മുടെ പേരക്കുട്ടികളെ എന്താണ് കാത്തിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ബോധം നമുക്കുണ്ടാവണം. വരും തലമുറകള്‍ക്കുകൂടി വാസയോഗ്യമായ ഇടമായി ഭൂമിയെ മാറ്റാന്‍ എന്ത് ചെയ്യാനാകുമെന്നും നമ്മള്‍ മനസിലാക്കണം’ ഡോ ലിയോണ്‍ പറയുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണങ്ങള്‍ ഗൗരവത്തില്‍ രാജ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ ദുരന്തമാണ് സമീപഭാവിയില്‍ നമ്മെ കാത്തിരിക്കുന്നതെന്നാണ് ലിയോണും സംഘവും ഓര്‍മ്മിപ്പിക്കുന്നത്.

2050 ആകുമ്പോഴേക്കും ഭൂമിയിലെ അന്തരീക്ഷ താപനിലയിലുള്ള വര്‍ദ്ധന രണ്ട് ഡിഗ്രിയിലും താഴെയാക്കുകയാണ് പാരിസ് ഉടമ്പടി ലക്ഷ്യമിടുന്നത്. രണ്ട് ഡിഗ്രിയിലേറെ താപനില വര്‍ദ്ധിച്ചാല്‍ ഭൂമിയിലെ കൃഷിക്ക് യോജ്യമായ സ്ഥലങ്ങള്‍ ധ്രുവപ്രദേശങ്ങളിലേക്ക് നീങ്ങിയായിരിക്കും കാണപ്പെടുക. ഭൂമിയിലെ അപൂര്‍വ ജൈവസമ്പത്ത് നിറഞ്ഞ ആമസോണ്‍ കാടുകള്‍ അടക്കം ഈ സാഹചര്യത്തില്‍ ഇല്ലാതാവും. ഇപ്പോള്‍ ആമസോണ്‍ കാടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം തരിശുനിലമായി മാറുകയും ചെയ്യും.

ഇന്ത്യയെ പോലെ വലിയതോതില്‍ മനുഷ്യര്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ക്കും കാലാവസ്ഥാമാറ്റത്തിന്റെ ദൂഷ്യഫലം അതിന്റെ പാരമ്യത്തില്‍ അനുഭവിക്കേണ്ടി വരും. ഈ പരിസ്ഥിതി പ്രതിഭാസത്തിന്റെ രൂക്ഷത തെളിയിക്കുന്നതിന് 1500 എഡി, 2020 എഡി, 2500 എഡി എന്നീ മൂന്ന് കാലഘട്ടങ്ങളിലെ ചിത്രങ്ങളും ഗവേഷക സംഘം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ആദ്യത്തേതില്‍ കൃഷി ചെയ്യുന്ന, പ്രകൃതിയുമായി സഹവസിച്ചു കഴിയുന്നവരായാണ് 1500 എഡിയില്‍ ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്.

2020ലാകട്ടെ എക്‌സ്പ്രസ് വേകള്‍ പോലുള്ള ആധുനിക ഗതാഗത സൗകര്യങ്ങള്‍ക്കിടയിലും കൃഷിയെ കൈവിടാത്തവരായും കാണിക്കുന്നു. 2500ലാകട്ടെ പൂര്‍ണമായും റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കൃഷിയും ഊഷ്മാവ് വളരെ ഉയര്‍ന്നതിനാല്‍ പ്രത്യേകം സ്യൂട്ടുകള്‍ ധരിച്ചു മാത്രം പുറത്തേക്കിറങ്ങാന്‍ കഴിയുന്ന മനുഷ്യരേയും കാണിച്ചു തരുന്നു. ഗ്ലോബല്‍ ചേഞ്ച് ബയോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.