Mon. Dec 23rd, 2024
ഇസ്രയേൽ:

ഇസ്രയേലിൽ അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ഏതാണ്ടുറപ്പായിരിക്കെ ആരോഗ്യപ്രവർത്തകർക്കെതിരെ വധഭീഷണിയും അധിക്ഷേപവും വർധിക്കുന്നു. ഭീഷണികൾ കൂടിവന്നതിനാൽ പൊതുആരോഗ്യ സേവന വിഭാഗത്തിന്റെ മേധാവി ഡോ ഷാരോൺ ആൽറോയ് പ്രെയിസ് ബോഡിഗാർഡനെ നിയമിച്ചിരിക്കുകയാണ്.

കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ഇസ്രയേലിൽ വലിയ പ്രശ്‌നമാണെന്നും ഇതിനെതിരെയുള്ള ഭീഷണികളിൽ തനിക്ക് ഭയമുണ്ടെന്നുമാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നിർദേശം ഈയടുത്ത് തന്നെ ആരോഗ്യമന്ത്രാലയം നൽകും. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ വധഭീഷണിയും അധിക്ഷേപങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്’ -പൊതുസുരക്ഷ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ടോമർ ലോട്ടൻ പറഞ്ഞു.

യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ചെറിയ കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിന് അനുമതി നൽകിയിരുന്നു. അമേരിക്കയിൽ വാക്‌സിൻ നൽകാൻ തുടങ്ങിയിട്ടുമുണ്ട്. കുട്ടികൾക്കായി ഓർഡർ ചെയ്ത പത്തു മൈക്രോഗ്രാം ഡോസുകൾ വീതമുള്ള ഫൈസർ വാക്‌സിൻ അടുത്താഴ്ച ഇസ്രയേലിലേക്ക് എത്തുമെന്നാണ് കരുതുന്നത്.