Wed. Jan 22nd, 2025

പത്തനംതിട്ട:

വാട്ടർ അതോറിറ്റി തിരുവല്ല ജലഭവനു മുകളിൽ സ്ഥാപിച്ച 55 കിലോവാട്ട് സൗരോർജ നിലയം പ്രവർത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സർക്കിളിന്‌ കീഴിൽ 80 കിലോവാട്ട് ശേഷിയിൽ സൗരോർജ വൈദ്യുതി ഉല്പാദനം നടത്താനാകും. കല്ലിശേരി പ്ലാന്റിന്റെ മേൽക്കൂരയിൽ 25 കിലോവാട്ട് നിലയം പ്രവർത്തനം ആഗസ്റ്റിൽ തുടങ്ങിയിരുന്നു.

തിരുവല്ല ജലഭവൻ പ്ലാന്റിൽനിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകും. അത്രയും യൂണിറ്റ് ജലഭവൻ തിരുവല്ല, തിരുവല്ല ഡിവിഷൻ ഓഫീസിന്റെ പരിധിയിലുള്ള എടത്വാ, ചങ്ങനാശേരി സബ് ഡിവിഷനുകൾ, നെടുമ്പ്രം, ചങ്ങനാശേരി, കിടങ്ങറ സെക്ഷൻ ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത ഉപഭോഗത്തിൽനിന്നും കുറവു വരുത്തുന്ന രീതിയിലാണ് കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കല്ലിശേരി സോളാർ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകുകയും അത്രയും യൂണിറ്റ് വൈദ്യുതി പമ്പ് ഹൗസിന്റെ വൈദ്യുത ഉപഭോഗത്തിൽ നിന്നും കുറവു വരുത്തുകയും ചെയ്യും. സൗരോർജ നിലയങ്ങളിൽനിന്നുള്ള വൈദ്യുതി കെഎസ്ഇബിക്ക്‌ നൽകുന്നതിലൂടെ നിലവിലെ വൈദ്യുത ചാർജിൽ കുറവു വരുത്താനാകുമെന്ന് സൂപ്രണ്ടിങ്‌ എൻജിനീയർ ഉഷ രാധാകൃഷ്ണൻ പറഞ്ഞു.