Mon. Dec 23rd, 2024
പെരുമ്പിലാവ്:

വായനശാലയാണെന്നു കരുതി ഹോട്ടലിൽ കയറിയ കഥ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കരയിൽ ദേശീയ പാതയോരത്തെ ‘സുൽത്താന്റെ ചായക്കട’യെന്ന ഹോട്ടലിലേക്കു വരൂ. ഇതു വായനശാലയുമാണ്; ഹോട്ടലുമാണ്.

റിസപ്ഷനിലെ ചുമരുകളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്രങ്ങളും വചനങ്ങളും. ഉള്ളിലെ ഇരിപ്പിടത്തിനു സമീപം ബഷീർ കൃതികളുടെ ചിത്രാവിഷ്കാരങ്ങൾ.ഷെൽഫിൽ ബഷീർ കൃതികളുടെ ശേഖരം. ആകെ ബഷീർ മയം.

കൊരട്ടിക്കര ആറ്റൂർ വളപ്പിൽ കബീറിന്റെ മകൻ ഷിനാസ് (23) ആണ് ഹോട്ടൽ ഉടമ. ബഷീർ കൃതികളോടുള്ള ഇഷ്ടമാണ് എല്ലാത്തിനുമുള്ള പ്രേരണ. ഷാർജയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണു ഇദ്ദേഹം ബഷീർ കൃതികളുമായി അടുത്തത്.

കൊവിഡ് പ്രതിസന്ധി മൂലം അവിടം വിടേണ്ടി വന്നു. പെരുമ്പിലാവ് സെന്ററിൽ പിതാവ് നടത്തുന്ന ഹോട്ടലിൽ സഹായിയായി നിന്നപ്പോഴാണു സ്വന്തമായി ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചത്.സുഹൃത്തും കലാകാരനുമായ സുരേഷാണ് ചിത്രാവിഷ്കാരം നടത്തിയത്.

ഹോട്ടലിൽ എത്തുന്ന സന്ദർശകർ സംഗതി ആസ്വദിക്കുന്നുണ്ടെന്ന് ഷിനാസ് പറയുന്നു. ഭക്ഷണം ഓർഡർ ചെയ്തു വായനയിലേക്കു തിരിയുന്ന സന്ദർശകരെ കാണുമ്പോൾ ഉടമയ്ക്കും സന്തോഷം. ബഷീർ കൃതികൾ മാത്രം വിൽക്കുന്ന ചെറിയൊരു പുസ്തകശാല കൂടി ഹോട്ടലിനോടു ചേർന്ന് ആരംഭിച്ചാലോ എന്ന ആലോചനയും ഷിനാസിനുണ്ട്.