Mon. Dec 23rd, 2024

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ. ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിൻഡിസ് ടീം ഗാർഡ് ഓഫ് ഓണർ നൽകിയതോടെയാണ് വിരമിക്കൽ അഭ്യൂഹം ഉയർന്നത്. ഓസ്ട്രേലിയക്കെതിരെ 9 പന്തിൽ നിന്ന് 15 റൺസ് നേടിയ ഇന്നിങ്സിന് പിന്നാലെ ഗെയ്ൽ ബാറ്റ് ഉയർത്തി കാണികളെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ തന്റെ അവസാന ലോകകപ്പ് ആണെന്നും അത് ആസ്വദിക്കുകയാണ് ചെയ്തത് എന്നും ഗെയ്ൽ പറഞ്ഞു.

തന്റെ ജന്മനാടായ ജമൈക്കയിൽ വെച്ച് വിടവാങ്ങൽ മത്സരം കളിച്ചാവും അവസാനം എന്ന് ഗെയ്ൽ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാർ സെമി കാണാതെ പുറത്തായിരുന്നു. ഗെയ്ൽ ഉൾപ്പെടെയുള്ള കളിക്കാർ നിരാശപ്പെടുത്തിയതാണ് വിൻഡിസിന് തിരിച്ചടിയായത്.എന്റെ അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനാണ് ഞാൻ ശ്രമിച്ചത്.

നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു എനിക്കിത്. എന്റെ ഏറ്റവും മോശം ലോകകപ്പായിരുന്നു ഇത്. എന്നാൽ ഇങ്ങനേയും സംഭവിക്കും. എന്റെ കരിയറിന്റെ അവസാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ വിൻഡിസ് ടീമിലേക്ക് ഒരുപാട് പുതിയ കഴിവുള്ള താരങ്ങൾ കടന്നു വരികയാണ്, ഗെയ്ൽ പറഞ്ഞു.

ബ്രാവോയെ പോലൊരു ഇതിഹാസം വിടവാങ്ങുകയാണ്. ഞാൻ അവിടെ എന്റെ സമയം ആസ്വദിക്കുകയാണ് ചെയ്തത്. കാണികളുമായി സംവദിക്കുകയായിരുന്നു. ഒരു ലോകകപ്പ് കൂടി കളിക്കണം എന്ന് എനിക്കുണ്ട്. എന്നാൽ അവർ അതിന് അനുവദിക്കും എന്ന് എനിക്ക് തോന്നുന്നില്ലെന്നും ഗെയ്ൽ പറഞ്ഞു.