Mon. Dec 23rd, 2024
മുംബൈ:

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരിമരുന്ന് കേസില്‍ തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. താന്‍ ഇപ്പോഴും എന്‍സിബി ഉദ്യോഗസ്ഥനായി തുടരുകയാണ്. അന്വേഷണ സംഘത്തില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും സമീര്‍ വാംഖഡെ പറഞ്ഞു.

ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം മയക്കുമരുന്ന് കേസ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നുകാട്ടി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അതുകൊണ്ടാണ് ആര്യന്റെ കേസ് ഡല്‍ഹി എന്‍സിബി അന്വേഷിക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെയും മുംബൈയിലെയും എന്‍സിബി സംഘങ്ങള്‍ സഹകരണം കൊണ്ടാണിതെന്നും സമീര്‍ വാംഖഡെ പറഞ്ഞു.വെള്ളിയാഴ്ച ആര്യന്റേതുള്‍പ്പെടെ ആറുകേസുകളാണ് എന്‍സിബി മുംബൈ സോണില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്. അഞ്ചുകേസുകളുടെയും മേല്‍നോട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗിനാണ്. ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.

മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ പക്ഷേ അന്വേഷണ സംഘത്തിലില്ല. മയക്കുമരുന്നിനെതിരായ തന്റെ അന്വേഷണങ്ങള്‍ തുടരുമെന്നും സമീര്‍ വാംഖഡെ വ്യക്തമാക്കി. എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം.