Mon. Dec 23rd, 2024
കാഞ്ഞിരമറ്റം:

ആമ്പല്ലൂര്‍ പഞ്ചായത്തിനു കീഴിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് നിലച്ചിട്ട് മാസങ്ങൾ. ആമ്പല്ലൂര്‍ പള്ളിത്താഴത്തുള്ള ജില്ല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ പരിസരത്താണ് വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലായി കുന്നുകൂടികിടക്കുന്നത്.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതോടെ പൊതു പരിപാടികള്‍ക്കും സ്വകാര്യ ചടങ്ങുകള്‍ക്കും വിട്ടുകൊടുക്കാന്‍ സാധിക്കുന്ന കമ്യൂണിറ്റി ഹാളിന്‍റെ പരിസരത്തേക്കു പോലും അടുക്കാന്‍ കഴിയാത്ത നിലയിലാണ്.

ചില ചാക്കുകള്‍ പൊട്ടിയതു മൂലം ഹാളിനു സമീപം മാലിന്യം ചിതറിക്കിടക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാകുന്ന കമ്യൂണിറ്റി ഹാള്‍ ശോച്യാവസ്ഥയിലാണ്.

അതേസമയം തൽക്കാലത്തേക്കാണ് ചാക്കുകള്‍ സൂക്ഷിക്കാന്‍ ഹരിത കര്‍മ സേനക്ക് അനുവാദം കൊടുത്തതെന്നും കൊവിഡ് രൂക്ഷമായതോടെ മാലിന്യ നീക്കം നിലച്ചതാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്നും അടിയന്തരമായി ചാക്കുകള്‍ നീക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും വാര്‍ഡ് മെംബര്‍ ബീന മുകുന്ദന്‍ പറഞ്ഞു.