Wed. Nov 6th, 2024

ആര്യങ്കാവ്:

ഉരുൾപൊട്ടൽ‍ മേഖലയിലെ കൃത്യതയില്ലാത്ത പഠനം ജനങ്ങളെ ആശങ്കയിലാഴ്ത്തുമെന്ന് മന്ത്രി കെ രാജൻ. ഒരു പ്രദേശം ആകെ ഉരുൾപൊട്ടുമെന്നുള്ള പ്രവചനം ഒഴിവാക്കി ഏതു മേഖലയിലാണ് ഉരുൾപൊട്ടൽ സാധ്യതയെന്ന് ‘പിൻ പോയിന്റ്’ ചെയ്യാനുള്ള നടപടി ജിയോളജി വകുപ്പ് എടുക്കണം. ഇടപ്പാളയത്ത് ഉരുൾപൊട്ടിയ സ്ഥലത്ത് എത്തിയതായിരുന്നു മന്ത്രി.

ഉരുൾപൊട്ടൽ മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ഭൂജലം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്രപഠനം നടത്തും.മൂന്നാം തവണയാണ് കിഴക്കൻമേഖലയിൽ ഉരുൾപൊട്ടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പഠനം നടത്തും. ഉരുൾപൊട്ടൽ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി പഠിക്കും.

ദേശീയപാത വിഭാഗം, ഫോറസ്റ്റ്, റയിൽവെ എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി പരിശോധന നടത്തി ഓടകളുടെ തടസ്സം മാറ്റുന്നത് നടപടി സ്വീകരിക്കാൻ എംഎൽഎ പി എസ് സുപാൽ നിർദേശിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും അറിയിച്ചു.