ഇരിട്ടി:
ആറളത്ത് ആദിവാസി വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹൈടെക് പൊതുവിദ്യാലയം ഒരുങ്ങി. കിഫ്‌ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്‌സാണ് പൂർത്തിയാകുന്നത്. എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഈ എംആർഎസ് സമുച്ചയം കണ്ണൂർ ജില്ലയിൽ രണ്ടാമത്തേതാണ്.
ആറളം ഫാം ഏഴാം ബ്ലോക്കിലാണിത്. സംസ്ഥാന കൺസ്‌ട്രക്‌ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. ഹിൽട്രാക്ക് കൺസ്‌ട്രക്‌ഷൻസാണ് കരാറുകാർ.2018 നവംബർ രണ്ടിനാണ് പണി തുടങ്ങിയത്. സെപ്‌തംബർ 15നുമുമ്പ് നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
കൊവിഡ് കാരണം രണ്ട് മാസം വൈകി. നവംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി കെട്ടിടസമുച്ചയം പട്ടികവർഗ ക്ഷേമവകുപ്പിന് കൈമാറും. രാജ്യത്തെ ഏറ്റുവും വലിയ ആദിവാസി പുനരധിവാസമേഖലയായ ആറളം ഫാമിൽ നിലവിൽ ഗവ ഹയർസെക്കൻഡറി സ്‌കൂളുണ്ട്. ഇതിനുപുറമെയാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂളും ഹോസ്‌റ്റലും.
യുപി സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെ താമസിച്ച് പഠിക്കാം എന്നതാണ് പ്രത്യേകത. 350 വിദ്യാർത്ഥികൾക്ക് താമസിച്ചുപഠിക്കാൻ എംആർഎസിൽ സൗകര്യമുണ്ടാവും. ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്, പഠനമുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടർ ശൃംഖല, കളിസ്ഥലം തുടങ്ങി വിപുല സൗകര്യങ്ങളുണ്ടാവും. ക്ലാസ് മുറികളെല്ലാം സ്‌മാർട്ടാകും.