ഗുരുവായൂര്‍:
ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. നവംബര്‍ 15നാണ് മണ്ഡല, മകരവിളക്ക്, ഏകാദശി സീസൺ ആരംഭിക്കുന്നത്. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകിയതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ പി എ റഷീദ് ചോദ്യം ചെയ്തു.പാര്‍ക്കിങ് സൗകര്യം, ആവശ്യമായ വെളിച്ചം, പൊതുശൗചാലയങ്ങളുടെ അറ്റകുറ്റപ്പണി, പ്രഥമ ശുശ്രൂഷാ കേന്ദ്രം എന്നിവയെല്ലാം എത്രയും വേഗം പൂര്‍ത്തിയാക്കും.
ബയോ ടോയ്ലറ്റുകള് സ്ഥാപിക്കാനും തീരുമാനമുണ്ട്. ആവശ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ പി ഉദയനും പറഞ്ഞു. അതി ദരിദ്രരെ കണ്ടെത്താനുള്ള സമിതിക്ക് രൂപം നല്കി. അമൃത് പദ്ധതിയില്‍ നവീകരിച്ച തരകന് ലാസര്‍ കുളം ഈ മാസം 13ന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ് അറിയിച്ചു.
അര്‍ബന്‍ ഹെല്‍ത്ത് സെൻററില്‍ രണ്ട് ഡോക്ടര്‍മാരുടെയും ആവശ്യമായ ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ എം കൃഷ്ണദാസ് പറഞ്ഞു. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നില്ലെന്നും ഉച്ച കഴിഞ്ഞ് ഡോക്ടറുടെ സേവനം ഇല്ലെന്നും ഷില്‍വ ജോഷി പറഞ്ഞു.