ഇരവിപേരൂർ:
ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിലെ കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീഴുന്നതിന്റെ സിസി ടിവി ദൃശ്യം വൈറലായതോടെ പൊതുമരാമത്ത് അധികൃതരെത്തി കുഴി അടച്ചു. നെല്ലാട് കല്ലിശ്ശേരി റോഡിൽ തോട്ടപ്പുഴ കലയ്ക്ക് സമീപം ടാറിങ് താഴ്ന്നുണ്ടായ കുഴിയാണ് വില്ലനായത്. നെല്ലാട്–കല്ലിശ്ശേരി റോഡിന്റെ ബിഎം ബിസി ലെയർ ടാറിങ്ങും കഴിഞ്ഞ് റോഡിൽ വെള്ള വരയും ഇട്ടതിന് ശേഷവും തോട്ടപ്പുഴ കവലയ്ക്ക് സമീപം ടാറിങ് താഴ്ന്ന് രൂപപ്പെട്ട കുഴി അപകടം ഉണ്ടാക്കിയിരുന്നു. പലരും ഈ കുഴിയിൽ വീണു.
നാട്ടുകാരും ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇന്നലെ രാവിലെ ബൈക്ക് യാത്രികൻ ഇവിടെ കുഴിയിൽ വീണത് സമീപത്തുള്ള സിസി ടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ഉച്ചയ്ക്ക് ശേഷം അധികൃതരെത്തി കുഴിയടച്ചു.
പ്രശ്നത്തിൽ നിന്ന് എങ്ങനെയും തല ഊരാനുള്ള ശ്രമത്തിലാണ് കരാറുകാരനും റോഡിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും. പുറമ്പോക്ക് ഏറ്റെടുക്കാതെയും റോഡിന്റെ അരിക് സുരക്ഷിതമല്ലാത്ത തരത്തിൽ നിർമാണം നടത്തിയും ഇപ്പോൾ തന്നെ കുപ്രസിദ്ധി നേടിയതാണ് നെല്ലാട്–കല്ലിശ്ശേരി റോഡ് നിർമാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഞായറാഴ്ച ജില്ലയിലെത്തുമ്പോൾ നേരിട്ട് പരാതി നൽകാനും ചില സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്.