ആലുവ:
കല്ല് സോഡയുടെ രുചി മധുരമുള്ള ഓർമയാക്കി നിലനിർത്തി കമ്മത്ത് ബ്രദേഴ്സിന് തിരശ്ശീല വീണു. ആലുവ മേഖലയിൽ കല്ല് സോഡ കിട്ടുന്ന ഏക സ്ഥാപനമായിരുന്ന ബാങ്ക് കവലയിലെ കെ വി കമ്മത്ത് ആൻഡ് ബ്രോസ് നടത്തിപ്പുകാരായ സഹോദരങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് എന്നെന്നേക്കുമായി അവസാനിപ്പിച്ചത്. ഇതോടെ എട്ട് പതിറ്റാണ്ട് കാലം ആലുവക്ക് ലഭിച്ചിരുന്ന കല്ല് സോഡയുടെയും പ്രത്യേക മുന്തിരി ജ്യൂസിൻറെയും രുചി ഇല്ലാതായി.
സോഡ അനുബന്ധ വസ്തുക്കൾ വിൽക്കുന്ന ഇവിടെ സോഡയുമായി ബന്ധപ്പെട്ട ശീതള പാനീയങ്ങളും ലഭ്യമായിരുന്നു. ഇതിലെ പ്രധാന ആകർഷണീയത തന്നെ ശീതള പാനീയങ്ങളിൽ ഇവിടെ കല്ല് സോഡയാണ് ഉപയോഗിക്കുന്നതെന്നതാണ്. അതിനാൽ ഇവിടെ നിന്ന് ശീതളപാനീയങ്ങൾ സ്ഥിരമായി കുടിക്കാൻ എത്തുന്നവരും ധാരാളമാണ്.
1940ൽ സഹോദരങ്ങളായ കെ വെങ്കിടേശ്വര കമ്മത്തും കെ രത്നാകര കമ്മത്തുമാണ് സ്ഥാപനം തുടങ്ങിയത്. ഇരുവർക്കും കോംപ്ലക്സിലെ മറ്റ് വ്യാപാരികളും മറ്റും യാത്രയയപ്പ് നൽകി. സിറ്റി ടവർ ഷോപ്മേറ്റ്സിൻറെ ഉപഹാരം ജിമ്മി മാനാടൻ കൈമാറി. ഉണ്ണിക്കണ്ണൻ നായർ, സിബി ജീവനം, ജമാൽ പുതുവന, റഊഫ്, സിയാദ്, അലിയാർ, മനീഷ്, മുഹമ്മദാലി, മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.