Mon. Dec 23rd, 2024
യു എസ്:

ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്.

എന്നാൽ ആപ്പിള്‍ കമ്പനിക്ക് ഇപ്പോള്‍ 2.46 ട്രില്ല്യന്‍ ഡോളര്‍ മൂല്യമാണുള്ളത് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ലെന്ന് ആപ്പിള്‍ തന്നെ അറിയിച്ചിരുന്നു.

ഉപകരണങ്ങള്‍ നിർമിക്കാന്‍ വേണ്ട ചിപ്പുകളുടെയും മറ്റു ഘടകഭാഗങ്ങളുടെയും വലിയ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇക്കാലത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഏകദേശം 600 കോടി ഡോളറാണ് ആപ്പിളിന് കുറഞ്ഞത്.

അതേസമയം മൈക്രോസോഫ്റ്റ് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയരുകയും ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 22 ശതമാനം അധിക വരുമാനമാണ് മൈക്രോസോഫ്റ്റ് ഈ വര്‍ഷം മൂന്നു പാദങ്ങളിലുമായി സ്വന്തമാക്കിയത്.