Sun. Dec 22nd, 2024
മുംബൈ:

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായ അജിത്ത് പവാറിന്‍റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ആദായ നികുതി വകുപ്പ്. വകുപ്പിന്‍റെ ബിനാമി പ്രോപ്പർട്ടി വിങ്ങിന്‍റേതാണ് നടപടി. താൽക്കാലികമായി കണ്ടുകെട്ടിയ സ്വത്തുകൾ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാൻ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

ദക്ഷിണ ഡൽഹിയിൽ 20 കോടി വിലമതിക്കുന്ന ഫ്ലാറ്റ്, മുംബൈ നിർമ്മൽ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന മകൻ പാർത്ഥ പവാറിന്‍റെ ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിൽ 250 കോടിയുടെ റിസോർട്ട്, 27 ഇടങ്ങളിൽ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയതാണ്.

കോഴപ്പണം വെളുപ്പിച്ചെന്ന കേസിൽ മറ്റൊരു മുതിർന്ന എൻ സി പി നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്മുഖിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് അജിത് പവാറിനെതിരെ ആദായ നികുതി വകുപ്പ് നടപടി.