Mon. Dec 23rd, 2024

അമ്പലവയൽ:

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ മാലിന്യവും കുമിയുന്നു. ഭക്ഷണവുമായി എത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുകയാണ്. ഇക്കൂട്ടത്തിൽ പ്ലാസ്റ്റിക് പാത്രങ്ങൾ, ഗ്ലാസുകൾ, വലിയ പ്ലാസ്റ്റിക് സഞ്ചികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാമുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു സമീപം ഏറ്റവും കൂടുതൽ തള്ളുന്നതു പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണം കെ‍ാണ്ടുവരുന്ന പ്ലാസ്റ്റിക് സഞ്ചികൾ, കഴിക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയാണ്.കാരാപ്പുഴ ഡാമിന്റെ പരിസരത്തും മാലിന്യം വലിച്ചെറിയുന്നു. ഡാമിന്റെ മുൻവശത്തുള്ള താൽക്കാലിക പാലത്തിന്റെ താഴെ മാലിന്യം നിറഞ്ഞു.

വാഹനങ്ങൾ നിർത്താനും പുഴയിൽനിന്നു വെള്ളം എടുക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് ഒട്ടേറെപ്പേരാണ് ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നത്. മാലിന്യം കുമിഞ്ഞതോടെ തെരുവുനായ്ക്കളും പ്രദേശത്തു തമ്പടിച്ചിട്ടുണ്ട്. ഭക്ഷണാവശിഷ്ടം അടക്കം ചീഞ്ഞതിനാൽ ദുർഗന്ധവുമുണ്ട്.