Sun. Jan 19th, 2025

ബാഹുബലി 2 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ്​ ചിത്രത്തിന്​ ശേഷം എസ്​ എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022 ജനുവരി 7ന്​ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വമ്പൻ താരനിരയാണ്​ അണിനിരക്കുന്നത്​.

300 കോടി രൂപയോളം മുടക്കിയെടുക്കുന്ന ചിത്രമായ ആർ ആർ ആറിൽ ഗ്രാഫിക്​സും സ്​പെഷൽ എഫക്​ടുകളും കാര്യമായി ഉപയോഗിച്ചിട്ടുണ്ട്​. ബാഹുബലിയെ കവച്ചുവെക്കുംവിധമുള്ള ലൊക്കേഷനുകളും ചിത്രത്തിലു​ണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

1920 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലാണ്​​ രാംചരണും ജൂനിയർ എൻ ടി ആറും എത്തുന്നത്​. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍.