Thu. Jan 23rd, 2025
ഉത്തരകൊറിയ:

രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കറുത്ത അരയന്ന മാംസത്തിന്‍റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയ. പ്രോട്ടീൻ അടങ്ങിയതിനാൽ മികച്ച ഭക്ഷണമെന്ന നിലയിൽ കറുത്ത​ അരയന്ന മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം നിര്‍ദേശിക്കുന്നത്.

‘കറുത്ത അരയന്നത്തി​ന്‍റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്​,’ റോഡോങ് സിൻമുൻ പത്രം പറയുന്നു. കറുത്ത തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ്​ ബ്ലാക്ക് സ്വാന്‍ അഥവ കറുത്ത അരയന്നം എന്നറിയപ്പെടുന്നത്. ആസ്ട്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നത്. ഉത്തരകൊറിയയിലും ഇവ സഹജമാണ്.

അതേസമയം, 2025 വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. അവശേഷിക്കുന്ന ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനുമാണ് നിര്‍ദേശം.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യാതിർത്തികൾ അടച്ചതാണ് ​ഉത്തരകൊറിയ ഇപ്പോൾ നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ പ്രധാന കാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി അവർ ആശ്രയിച്ചുവന്നിരുന്നത്​ ചൈനയെയായിരുന്നു.