ന്യൂഡൽഹി:
ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈയാളാൻ കോർപ്പറേറ്റുകളെ അനുവദിക്കുന്നത് നല്ല പ്രവണതയല്ലെന്ന് എസ് ബി ഐ മുൻ ചെയർമാൻ രജനീഷ് കുമാർ. തന്നെ സംബന്ധിച്ചിടത്തോളം ഇത് ആശാസ്യകരമായ പ്രവണതയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്‍റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ് നടത്തിയ വെബിനാറിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ പരാമർശം.
കഴിഞ്ഞ വർഷം നടന്ന റിസർവ് ബാങ്കിന്‍റെ ഇൻ്റെണൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ വലിയ കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങളുടെ പ്രൊമോട്ടർക്കും ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനായി 1949ലെ ബാങ്കിങ് റെഗുലേഷൻസ് ആക്ടിൽ മാറ്റം വരുത്തണം.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഊർജ മേഖലയെ കുറിച്ചും രജനീഷ് കുമാർ പ്രസ്താവന നടത്തി. വൈദ്യുതിയുടെ ട്രാൻസ്മിഷൻ രംഗത്ത് സർക്കാർ-സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും ഡിസ്ട്രിബ്യൂഷൻ രംഗം പൂർണമായും പൊതുമേഖലയുടെ കുത്തകയാണ്. വൈദ്യുതി മോഷണവും സബ്സിഡിയും മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.