Sat. Nov 23rd, 2024
ആലുവ:

കടുങ്ങല്ലൂർ പഞ്ചായത്തിൽ തരിശു നെൽക്കൃഷി കൂടുതൽ പാടശേഖരങ്ങളിലേക്ക്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. 30 വർഷമായി തരിശു കിടക്കുന്ന പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത് നിലമൊരുക്കൽ ഇന്ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും.

200 ഏക്കർ വിസ്തൃതിയുള്ള ഇവിടെ ആദ്യ ഘട്ടത്തിൽ 75 ഏക്കറിലാണു കൃഷി ഇറക്കുന്നത്. അതിനുള്ള വിത്താണ് കൃഷിഭവനിൽ ലഭിച്ചത്. വിത്തു കിട്ടുന്ന മുറയ്ക്ക് ബാക്കി സ്ഥലത്തും ഇക്കൊല്ലം തന്നെ കൃഷി ആരംഭിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.

എടയാറ്റുചാൽ പാടത്തു 300 ഏക്കറിൽ കൃഷിയിറക്കാൻ ജോലി തുടങ്ങി. വെള്ളക്കെട്ടുള്ള ഇവിടെ ജലസേചന വകുപ്പ് കോൾ നിലങ്ങളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം പമ്പ് സെറ്റ് സ്ഥാപിച്ചിട്ടുണ്ട്. തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനു പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ചു.

കടുങ്ങല്ലൂച്ചാൽ, വെൺമണിക്കച്ചാൽ പാടശേഖരങ്ങളിലും പാടശേഖര സമിതികൾ രൂപീകരിച്ച് ഉടൻ കൃഷിയിറക്കും.കൃഷിഭൂമി തരിശിടരുതെന്നു നിർദേശിച്ചു പഞ്ചായത്തിൽ നിന്ന് എല്ലാ പാടശേഖര ഉടമകൾക്കും നോട്ടിസ് നൽകിത്തുടങ്ങി. കൃഷി ചെയ്യാൻ തയാറാകാതെ തരിശിടുന്നവരുടെ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു കൃഷി ഇറക്കുമെന്നു പ്രസിഡന്റ് പറഞ്ഞു.

തരിശു നെൽക്കൃഷി ചെയ്യുന്നതിനു കുട്ടനാടൻ കർഷകരുമായി പഞ്ചായത്ത് 3 വർഷത്തെ കരാർ ഒപ്പിട്ടു. സ്ഥലം ഉടമകളായ കർഷകർക്ക് ഏക്കറിനു 11,000 രൂപ വീതം പ്രതിഫലം ലഭിക്കും. 5,000 രൂപ സർക്കാരും 6000 രൂപ കുട്ടനാട്ടിൽ നിന്നുള്ള കർഷക സമിതികളുമാണു നൽകുക.