Wed. Nov 6th, 2024
യു എസ്:

ആപ്പിള്‍ അടുത്തിടെ പുതിയ മാക്ബുക്ക് പ്രോ ശ്രേണിയും എയര്‍പോഡ്‌സും ഹോംപോഡ് മിനിയുടെ പുതിയ പതിപ്പും അവതരിപ്പിച്ചിരുന്നു. ഒപ്പം ഒരു കഷണം തുണിയും! വെറും തുണിയല്ല, മൈക്രോഫൈബര്‍ ക്ലോത്. 6.3-ഇഞ്ച് വലുപ്പമുള്ള സമചതുരത്തിലുള്ളതാണ് ഈ തുണിക്കഷണം.

ഇതിന്റെ വിലയാണ് ഇപ്പോൾ ചർച്ചാവിഷയം-19 ഡോളര്‍. ഇന്ത്യയില്‍ ഇതു വില്‍ക്കുന്നത് പോളിഷിങ് ക്ലോത് എന്ന പേരിലാണ്. വില 1,900 രൂപ. ഈ തുണിക്കഷണമാണ് ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റവുമധികം ബാക്ഓര്‍ഡര്‍ (സ്റ്റോക്കില്ലെങ്കിലും പണം നല്‍കി ബുക്കു ചെയ്യുക) ചെയ്യുന്ന പുതിയ ഉത്പന്നമെന്ന് ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തുണിയുടെ ഒരു മൂലയിൽ ആപ്പിളിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ഇതു നിര്‍മിച്ചിരിക്കുന്നത് ‘മാര്‍ദവമുള്ളതും, പോറലേല്‍ക്കാത്തതുമായ’ വസ്തുക്കള്‍ ഉപയോഗിച്ചാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്കുകൾ, ഐമാക്കുകൾ എന്നിവയുടെ സ്‌ക്രീന്‍ ‘സുരക്ഷിതമായും ഫലപ്രദമായും’ ക്ലീന്‍ ചെയ്യാൻ ഈ തുണി ഉപയോഗിക്കാമെന്നാണ് ആപ്പിള്‍ പറയുന്നത്. പോളിഷിങ് ക്ലോത് ആപ്പിളിന്റെ 88 വ്യത്യസ്ത ഉത്പന്നങ്ങൾ സുരക്ഷിതമായ ക്ലീനിങ്ങിന് ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.