Wed. Jan 22nd, 2025

 

ഹൈദരാബാദ്:

മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന ‘കുല നിർമൂലന പോരാട്ട സമിതി’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ് മേധാവിയാണ് ഇദ്ദേഹം.

‘വിപ്ലവ രചയ്തല സംഘം’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ വരവര റാവു ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. അദ്ദേഹം മുൻപുതന്നെ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.

ജാതിവെറിക്കെതിരെയും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയും ശബ്ദമുയർത്തുന്നവരാണ് ഇരുവരും.

പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സെമിനാറിൽ ‘The Literary to the Cultural: English Literary Studies in India’ ; ‘Cultural Studies and Dalit Literature : Some Reflections’ എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കാൻ എത്തിയപ്പോൾ നടത്തിയ അഭിമുഖമാണിത്.

അവബോധമില്ലാതെ ഇപ്പോഴും, സംവരണത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികൾ നമുക്കിടയിലുണ്ട്. ഇതിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉത്തരവാദിത്തം എന്താണ്?

റിസർവേഷൻ പോളിസിക്ക് 1990 കൾക്കുശേഷം പിന്തുണ വർദ്ധിച്ചതായി ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുരോഗമന, ദളിത് വിദ്യാർത്ഥി സമരങ്ങൾ സംവരണ നയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ സ്വീകാര്യത സൃഷ്ടിക്കുന്നതിലും സഹായിച്ചു. ദലിത് പ്രസ്ഥാനങ്ങളും 1990 കളിലെ മണ്ഡൽ അനുകൂല പ്രക്ഷോഭവും ഈ മാറ്റത്തിൽ പ്രധാന പങ്കു വഹിച്ചു.

 

എന്നിരുന്നാലും, ചില വിദ്യാർത്ഥികൾ സംവരണത്തെ എതിർക്കുന്നത് തുടരുന്നതായും കാണാം. സംവരണത്തിന്റെ നയങ്ങൾ കാരണം ജോലി നഷ്ടപ്പെടുന്നുവെന്നും വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. സംവരണത്തിൽ ചില വിദ്യാർത്ഥികൾക്ക് (ഉന്നത ജാതിയിൽപ്പെട്ട പാവപ്പെട്ടവർക്ക്) ജോലി, വിദ്യാഭ്യാസ അവസരങ്ങൾ കുറയുന്നുണ്ടെന്നത് വിശ്വസിക്കുന്നത് തെറ്റാണ്. നൽകിയിരിക്കുന്ന ജോലികളും വിദ്യാഭ്യാസ സീറ്റുകളും പങ്കിടുന്നതിന് പാർശ്വവത്കരിക്കപ്പെട്ട ജാതിക്കാരെ സംവരണം അനുവദിക്കുന്നു. വിദ്യാഭ്യാസപരവും തൊഴിൽപരമായ അവസരങ്ങളും കുറയ്ക്കുന്ന സർക്കാരിന്റെ നടപടികളാണ് ഇതിനുകാരണം. അതുകൊണ്ട് ചെയ്യേണ്ടതെന്തെന്നാൽ തൊഴിലിനും വിദ്യാഭ്യാസ അവസരങ്ങൾക്കുമായി പൊരുതുക, പൊരുതിക്കൊണ്ടിരിക്കുക എന്നതാണ്.

വിദ്യാഭ്യാസം ഇപ്പോൾ നിക്ഷിപ്ത താൽപര്യങ്ങളുള്ള ഒരു മേഖലയായി മാറുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസചിന്തയുടെ ഭാവി എന്തായിരിക്കുമെന്നാണ് താങ്കൾ കരുതുന്നത്?

ന്ത്യയിൽ ഇന്ന് സ്വതന്ത്രചിന്ത വലിയ അപകടഭീഷണിയാണ് നേരിടുന്നത്. കേന്ദ്രത്തിലെ ഇപ്പോഴത്തെ ബി.ജെ.പി ഗവൺമെന്റ് ഉന്നതവിദ്യാഭ്യാസത്തെയും ചിന്തയെയും ക്രമാനുഗതമായി നശിപ്പിക്കുന്നു. ദലിത്, ആദിവാസി, മറ്റു പാർശ്വവത്കൃത സമുദായങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പഠന സ്ഥാപനങ്ങൾക്കെതിരെയുള്ള ഇന്നത്തെ കടന്നാക്രമണങ്ങൾ അവരെയാണ് ലക്ഷ്യമിടുന്നത്. പലവിധ നാടൻ ഗോത്രപ്രകൃതികലകൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെയാണ് പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ അറിവുകൾ കാലത്തെ അതിജീവിച്ച് നിലനിന്നുപോന്നത്, സർവകലാശാലകളിൽ നിന്നു മാത്രമല്ല, എന്നു കൂടി ശ്രദ്ധിക്കണം. പാർശ്വവത്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങൾ ഭാവിയിൽ പുതിയ അറിവുകളും പുതിയ വഴികളും രൂപപ്പെടുത്തുക തന്നെ ചെയ്യും.

 

ജനാധിപത്യത്തെക്കുറിച്ച് ആശങ്കാകുലരായ വിദ്യാഭ്യാസവിദഗ്ദ്ധരും എഴുത്തുകാരും ജനങ്ങളുടെ പൊതുവികാരത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

വരെല്ലാവരും ജനങ്ങളുടെ ഭാഷയിൽ പഠിപ്പിക്കുകയും, എഴുതുകയും, അവതരിപ്പിക്കുകയും ചെയ്യണം. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനതയെ കൂട്ടിയോജിപ്പിക്കുക വഴി നാനാ വിധത്തിലുള്ള ജനങ്ങളെ ചിന്തിപ്പിക്കും.

 

അംബേദ്‌കറെ പാഠപുസ്തകങ്ങളിൽ കുറച്ചുകാണിച്ചും അല്ലെങ്കിൽ ഫൂലെയെ മുഴുവൻ മറന്നുകളഞ്ഞുമുള്ള മറഞ്ഞിരിക്കുന്ന അജണ്ട ഭാവിയിൽ ഏതുവിധേനയാണ് ചോദ്യം ചെയ്യപ്പെടുക?

ഗാന്ധിജിയെയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വീക്ഷണത്തെയും 1920-കളിലും 30 കളിലും അംബേദ്‌കർ വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. 1980 വരെ അംബേദ്‌കർ ഇന്ത്യൻ ജനതയുടെ പാഠപുസ്തകങ്ങളുടെയോ ഓർമ്മകളുടെയോ ഭാഗമായിരുന്നില്ല. 1980 കളിലും 1990 കളിലും അംബേദ്‌കർ എന്ന വ്യക്തിയും ആശയങ്ങളും പ്രതിമകൾ, എഴുത്തുകൾ, പ്രസിദ്ധീകരണങ്ങൾ വഴി പൊതുജനങ്ങളുടെ ചിന്തയിൽ പുനർഭവിക്കുകയാണ് ചെയ്തത്. 1990 കളിൽ ഭാരതരത്ന വഴി വൈകിയാണെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു. അംബേദ്‌കറുടെ ജാതിവിരുദ്ധ ചിന്തയും, ജാതിവ്യവസ്ഥയെ സംബന്ധിച്ച ആഹ്വാനവും 1990 വരെ പൊതുജനങ്ങൾ അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ അവർക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം തികച്ചും പുതിയ പ്രചരണം ആരംഭിച്ചു. ബി.ജെ.പിയും അതിന്റെ ഇതര സംഘടനകളും, അംബേദ്‌കർ, ഫൂലെ തുടങ്ങിയ പല ജാതിവിരുദ്ധ ചിന്തകരും അവരുടെ ആശയങ്ങളും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന ഒന്നാണെന്ന് തെറ്റായി വ്യാഖ്യാനിക്കുകയുണ്ടായി.

താങ്കളുടെ , “ജാതി തിരിച്ചുള്ള ജനസംഖ്യാഗണനം (കണക്കെടുപ്പ്) നടത്തിയാൽ ഇന്ത്യ ഒരു ജാതി സമൂഹമായിത്തീരുമോ?” (“Will India Become a Caste Society if Caste is Counted?”) എന്ന ലേഖനത്തിൽ, ദേശീയ സെൻസസിൽ ദളിത് സമുദായങ്ങളുടെ പ്രശ്നങ്ങളെ ഒളിക്കുന്നതായും ശ്രദ്ധകേന്ദ്രീകരിക്കാത്തതായും മറന്നുകളയുന്നതായും പരാമർശിക്കുന്നുണ്ട്.

ഇപ്പോൾ തോട്ടിപ്പണി ചെയ്യുന്നവരുടെ ദുരന്തങ്ങളും മരണങ്ങളും വലിയ അളവിൽ തന്നെ വർദ്ധിക്കുമ്പോഴും ഔദ്യോഗിക കണക്കുകൾ കേവലം സംഖ്യകൾ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ രണ്ടു സാഹചര്യങ്ങളെ നിരീക്ഷിക്കുമ്പോൾ ഉന്നത നിലകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളെ എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക?

ജാതി തിരിച്ചുള്ള ആളുകളുടെ സർക്കാർ ഡാറ്റകൾക്ക് പല പരിമിതികൾ ഉണ്ട്. വ്യക്തതയില്ലായ്മയും പല വിടവുകളുമുണ്ടെങ്കിലും, ഈ ഡാറ്റകൾ ഉപയോഗപ്രദമാണ്. സവർണർ അപ്പോഴും ഈ കണക്കുകൾ ചെറുതായെങ്കിലും ഇന്ത്യയിലെ ജാതീയതയെ തുറന്നുകാട്ടുന്നുവെന്ന വസ്തുത അംഗീകരിക്കാൻ മടിക്കുകയാണ്.

മണ്ഡൽ കമ്മീഷന്റെ ശുപാർശ അനുസരിച്ച് ഒ ബി സി സംവരണം നടപ്പാക്കാൻ ഗവൺമെന്റ് ആവശ്യപ്പെട്ടപ്പോൾ, ദേശീയ സെൻസസ് രേഖകളിൽ ജാതി തിരിച്ചുള്ള ആളുകളുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള നിലവാരവിവേചനങ്ങളും, പിന്നോക്കാവസ്ഥ എന്നിവ വിശകലനം ചെയ്യുന്നതിന് നമുക്ക് ജാതി തിരിച്ചുള്ള വിവരങ്ങൾ തന്നെ വേണം. ജനസംഖ്യയുടെ ദേശീയ വിവരങ്ങൾ സമാഹരിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനുള്ളതാണ്. നമുക്ക് അടിസ്ഥാനവിവരങ്ങൾ ലഭ്യമായാൽ അതിൻെറ പരിമിതികൾ ചൂണ്ടിക്കാണിക്കാൻ കഴിയും, കൂടാതെ വിടവുകൾ ഇല്ലാതാക്കാൻ പ്രാദേശിക വിവരങ്ങളെ കൂട്ടിച്ചേർക്കാനും കഴിയും.

“പഠിക്കുക, പോരാടുക സംഘടിക്കുക” എന്ന ബി.ആർ. അംബേദ്‌കറുടെ വാക്കുകളിൽ നിന്ന് “പഠിക്കുക” യെന്നത് പരിഗണിച്ചാൽത്തന്നെ ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂമുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഓരോയിടങ്ങളിലും ഓരോ കോണിലും വിവേചനങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ വിദ്യാർത്ഥികളെ എങ്ങനെയാണ് ജാതീയതയെക്കുറിച്ചും സംവരണത്തിന്റെ ആവശ്യകതയെയും കുറിച്ച് ബോധവാന്മാരാക്കാൻ കഴിയുക?

ജാതി വ്യത്യാസവും അസമത്വവും നിലനിൽക്കുന്നതാണെന്ന് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അറിയാം. സംവരണത്തിന്റെയും ജാതി അതിക്രമങ്ങളുടെയും വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണാവുന്നതാണ്. വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയും പല പ്രശ്നങ്ങളോടും പ്രതികരിക്കുകയും ചെയ്യുന്നു.

എന്നാൽ, ഈ വിദ്യാർത്ഥികൾ ജാതിവ്യവസ്ഥയെയും അതിന്റെ വിവേചനങ്ങളെയും വിമർശിക്കുന്നില്ല. സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമായ ബോധം വളർത്തുന്നില്ല. വിദ്യാർത്ഥികൾക്കിടയിൽ തിരിച്ചറിവും അവബോധവും വളർത്തിയെടുക്കുവാൻ നമുക്ക് ജാതിയെ എതിർക്കുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ആവശ്യമാണ്. ജാതി അസമത്വത്തെക്കുറിച്ചു വിദ്യാർഥികളെ ബോധവാന്മാരാക്കാൻ പുരോഗമനചിന്തയുള്ള അധ്യാപകർ പ്രധാന പങ്ക് വഹിക്കേണ്ടതാണ്.

വലതുപക്ഷ തീവ്രവാദ പ്രത്യയശാസ്ത്രം ഹിന്ദുക്കളായി ദളിതരെ അംഗീകരിക്കുന്നില്ലെങ്കിലും, ഇപ്പോഴത്തെ കാഴ്ചപ്പാടിൽ, ദളിതരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഹിന്ദുക്കളുടെ ഏകീകരണം എന്ന ആശയം പ്രചരിപ്പിക്കുകയാണ്. ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം പങ്കുവയ്ക്കുക.

നിരവധി തന്ത്രങ്ങൾ സ്വീകരിച്ച് ദലിത് സമുദായങ്ങളെ പലവിധേന ഹിന്ദുത്വ ഗ്രൂപ്പുകൾ ലക്ഷ്യമിട്ടതാണ്‌. രാം വിലാസ് പാസ്വാൻ, രാം അത്താവൽ, ഉദിത് രാജ് തുടങ്ങിയ ദലിത് ഉപരിവർഗങ്ങൾ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഗുജറാത്തിലെ ജിഗ്‌നേഷ് മേവാനിയും ഭീം സേനയിലെ ചന്ദ്രശേഖർ ആസാദ് രാവണും പോലുള്ളവരുടെ നേത്രത്വത്തിലെ ദലിത് മുന്നേറ്റങ്ങളെ അടിച്ചമർത്തുകയും അപമാനിക്കുകയുമാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയെന്ന, നിരന്തരം എ ബി വി പിയെ വിമർശിച്ചിരുന്ന അംബേദ്‌കറനുകൂല വിദ്യാർത്ഥി, ആത്മഹത്യ ചെയ്യാൻ വരെ നിർബന്ധിതനായി. അതുമാത്രമല്ല മോദി സർക്കാർ ഇതുവരെ രോഹിത് ആക്ട് അംഗീകരിച്ചിട്ടില്ല. 2018 ജനുവരിയിലെ ഭീമ കൊറേഗാവിൽ ദലിതുകളുടെ ശ്രദ്ധേയമായ വൻതോതിലുള്ള സംഘർഷം ബി ജെ പിയും ഹിന്ദുത്വ മുതലാളിമാരും പോലീസ് സേനയും ചേർന്ന് വ്യാജമായ കേസുകൾ നിർമ്മിച്ചുകൊണ്ടു അടിച്ചമർത്തി.

ദളിത് സമുദായങ്ങളെയും അവയുടെ പ്രസ്ഥാനങ്ങളെയും ഭിന്നിപ്പിച്ച് തകർക്കാനാണ് ബി.ജെ.പിയുടെയും അതിന്റെ ഹിന്ദുത്വ മുതലാളിമാരുടെയും പൊതുവായ തന്ത്രം. എന്നാൽ, പാൻ-ഇന്ത്യൻ ദലിത് മുന്നേറ്റങ്ങൾ ബി.ജെ.പിയുടെ ധനസഹായ നയങ്ങളുടെ പരാജയം സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യസമരങ്ങളിൽ തീവ്രഹിന്ദു സംഘടനകൾക്ക് കാര്യമായ പങ്കൊന്നുമില്ല. എന്നിട്ടും അവർ തീവ്രമായ ദേശീയത പ്രചരിപ്പിക്കുന്നു. അവരുടെ പ്രചാരണത്തെ ന്യായയുക്തമായി നിഷേധിക്കുന്ന ആരും antinational / നക്സൽ എന്ന് മുദ്രകുത്തപ്പെടുന്നു. അവരുടെ രാഷ്ട്രീയം കൃത്യമായി എന്താണ്?

ന്യൂനപക്ഷങ്ങൾക്കും മതേതര മൂല്യങ്ങൾക്കുമെതിരെ വ്യവസ്ഥാപിതമായ പ്രചരണത്തിലൂടെ ബി.ജെ.പിയും അതിന്റെ മുൻനിര സംഘടനകളും പൊതുവായ ഹിന്ദുബോധം ഏകീകരിക്കുകയാണ് ചെയ്തത്. ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമായും ന്യൂനപക്ഷങ്ങളെ ശത്രുക്കളായും അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും നമ്മുടെ ഭരണഘടനയുടെയും മൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. ഫാസിസ്റ്റ് ഹിന്ദു ദേശീയത അധികാരത്തിൽ വരുത്താനും, പിന്നീട് ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യ-സാംസ്കാരിക ഘടന മാറ്റാനും ശ്രമങ്ങൾ നടക്കുന്നു. ഇത് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ അപകടമാണ്.

 

നമ്മൾ ഒരു Post-truth society യെ എങ്ങനെ വിശകലനം ചെയ്യണം?

വലതുപക്ഷ ആശയം മിത്തുകൾ ഉപയോഗിച്ച് ചരിത്രത്തെ വികലമാക്കുമ്പോഴും, ഭരണഘടനയിൽ വിശ്വാസം ഉള്ള ജനങ്ങൾ കൈക്കൊള്ളേണ്ട മാർഗം എന്താണ്?

വ്യാജ വാർത്തകൾക്കും വ്യാജ വിവരങ്ങൾക്കും അതീതമായി സത്യത്തെ ഉയർത്തിപ്പിടിക്കുക എന്നത് അത്യാവശ്യമാണ്. നമ്മുടെ സമൂഹത്തിൽ നാം അറിയുന്നതും നാം പിന്തുടരുന്നതുമായ സത്യങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുക തന്നെ വേണം. യുക്തിപരവും, മതനിരപേക്ഷവും, ജനാധിപത്യപരവുമായ ചിന്താരീതികളും അത് ഗ്രഹിക്കാനുള്ള കഴിവും നമ്മൾ വളർത്തേണ്ടതു തന്നെ ആണ്. ഹിന്ദു വലതുപക്ഷം നടത്തുന്ന വക്രീകരണത്തിനെ നമ്മൾ നിരന്തരം എഴുത്തിലൂടെയും സംവാദത്തിലൂടെയും വെല്ലുവിളിക്കണം.

ഇതാണ് ഏക വഴി. Fake knowledge നെ നേരിടാൻ മറ്റു കുറുക്കുവഴികൾ ഒന്നുംതന്നെ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *