ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്ന നടി മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരെ ഡബ്ല്യുസിസി. സുപ്രീംകോടതിയിലാണ് മാലാ പാര്‍വതി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കി.
പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമായെന്ന് ഡബ്ല്യുസിസിയുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം വിശ്വാസ വഞ്ചന കാട്ടിയെന്ന് മാലാ പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു.
തന്റെ മൊഴിയില്‍ കേസെടുക്കേണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും നടി പറഞ്ഞു.
കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മാലാ പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സംസ്ഥാന വനിത കമ്മീഷനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസിയും സുപ്രീം കോടതിയില്‍ എത്തുന്നത്.
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലാപാട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.