ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക.
വിരമിച്ച ഐഎഎസ് ഓഫിസര്‍ അമിത് മോഹന്‍ പ്രസാദ്, മുന്‍ ഐപിഎസ് ഓഫിസര്‍ അരവിന്ദ് കുമാര്‍ ജയിന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റംഗങ്ങള്‍. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നവംബര്‍ 24ന് സംഭാലിലെ മുഗള്‍ ഭരണകാലത്തെ ജുമാ മസ്ജിദില്‍ സര്‍വേ നടക്കുന്നതിനിടെ പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം രണ്ടാമത്തെ തവണയായിരുന്നു സര്‍വേ നടത്തിയത്. തുടക്കത്തില്‍ ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു.
സര്‍വേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. പിന്നാലെ പൊലീസ് വാഹനമുള്‍പ്പെടെ കത്തിക്കാനും അടിച്ചുതകര്‍ക്കാനുമുള്ള നീക്കമാണ് നടന്നത്. സംഘര്‍ഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.
സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നവംബര്‍ 19ന് മസ്ജിദിലെ സര്‍വേക്ക് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. മസ്ജിദ് ഉണ്ടായിരുന്നിടത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിയുകയായിരുന്നുവെന്നും കാണിച്ച് വിഷ്ണു ശങ്കര്‍ ജയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ മരിക്കുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭാല്‍ എംപി സിയാവുര്‍ റഹ്‌മാന്‍ ഒന്നാം പ്രതിയും സുഹൈല്‍ മഹ്‌മൂദ് രണ്ടാം പ്രതിയുമാണ്. കൂടാതെ, ആറു പേരെയും തിരിച്ചറിയാത്ത 700-800 പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകോപനപരമായ പ്രസംഗം നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. മസ്ജിദ് പരിപാലന കമ്മിറ്റി അംഗമായ അഡ്വ. സഫര്‍ അലിക്കെതിരെയും കുറ്റപത്രത്തില്‍ ആരോപണങ്ങളുണ്ട്.
അതേസമയം, പൊലീസിന്റെ ആരോപണങ്ങള്‍ സിയാവുര്‍ റഹ്‌മാന്‍ തള്ളിക്കളഞ്ഞു. സംഘര്‍ഷം നടക്കുന്ന സമയം താന്‍ സ്ഥലത്തില്ലെന്നും ബംഗളൂരുവിലാണെന്നും എംപി പറഞ്ഞു. പൊലീസും ഭരണകൂടവും നടത്തിയ ഗൂഢാലോചനയാണിത്. ഈ സമയം സംസ്ഥാനത്തുപോലും താനില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വേയെ വിമര്‍ശിച്ച എംപി, 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കേണ്ട ചരിത്ര നിര്‍മിതിയാണെന്നും കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. പൊലീസാണ് വെടിയുതിര്‍ത്തതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും കുടുംബങ്ങള്‍ പറയുന്നു.