Fri. Nov 29th, 2024

 

ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രീംകോടതി പറഞ്ഞു.

ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹര്‍ജി അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും.

ഇക്കഴിഞ്ഞ ജൂണിലാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടര്‍ന്നെടുത്ത കേസിലും എന്‍ഐഎക്ക് വലിയ തിരിച്ചടിയായിരുന്നു.

ഇരു കേസുകളിലുമായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാനടക്കം 17 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ഐഎ വാദം തള്ളിയാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കരമന അഷറഫ് മൗലവി, അബ്ദുള്‍ റൗഫ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി പ്രതി ചേര്‍ത്തവര്‍ക്കാണ് ജാമ്യം. ശ്രീനിവാസന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്കുമാണ് ജാമ്യം അനുവദിച്ചത്.

സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോന്‍, സൈനുദ്ദീന്‍, പി കെ ഉസ്മാന്‍, സിടിസുലൈമാന്‍, രാഗം അലി ഫയാസ്, അക്ബര്‍ അലി, നിഷാദ്, റഷീദ് കെടി, സെയ്ദാലി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ സംസ്ഥാനം വിടുപോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. മൊബൈല്‍ ഫോണിലെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ജാമ്യം നിഷേധിച്ച കരമന അഷറഫ് മൗലവി, അബ്ദുള്‍ റൗഫ്, അബ്ദുല്‍ സത്താര്‍, യഹിയ കോയ തങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നത്. രാജ്യദ്രോഹ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.