Wed. Jan 1st, 2025

 

കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടില്‍ ആറു കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു.

കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍, മാളികേക്കുടി മായാ ജയന്‍, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ വനത്തിലേക്ക് പോയത്.

മായയുമായി ഇന്നലെ വൈകീട്ട് നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ ബന്ധം നിലച്ചു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്. പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോവുകയായിരുന്നു.

ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. കാട്ടാന ശല്യമുള്ള മേഖലയില്‍ വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചില്‍ സംഘങ്ങളില്‍ രണ്ട് ടീം മടങ്ങിയെത്തുകയായിരുന്നു.

രാവിലെ ഡ്രോണ്‍ കാമറ ഉപയോഗിച്ച് പരിശോധിക്കാന്‍ കലക്ടര്‍ക്ക് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. 25 ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് പാറക്കെട്ടിന് മുകളില്‍ അഭയം തേടുകയായിരുന്നു എന്നാണ് സ്ത്രീകള്‍ പറഞ്ഞത്. ആനയെ കണ്ട് ചിതറിയോടിയ ഇവര്‍ ആദ്യം ഒരു മരപ്പൊത്തില്‍ ഒളിക്കുകയായിരുന്നു. അവിടേക്കും ആന എത്തിയതോടെ ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു. നല്ല കറവയുള്ള പശുവായതിനാലാണ് തിരഞ്ഞ് പോയതെന്ന് മായ പറഞ്ഞു. മായയുടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗമാണ് ഈ പശു.