കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിന്‍ ഷാഹിറില്‍ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു.
പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെ റെയ്ഡ് നടന്നത്. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും സൗബിന്‍ നിര്‍മിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുമായി ബന്ധമുണ്ട്.
രണ്ട് സിനിമാ നിര്‍മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.
മഞ്ഞുമ്മല്‍ ബോയ്സിനെതിരെ മുമ്പ് ഇഡി അന്വേഷണവും നടന്നിരുന്നു. ഇല്ലാത്ത കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്ന പേരിലാണ് ഇഡി അന്വേഷണം നടന്നത്. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആദായനികുതി വകുപ്പ് കൂടി അന്വേഷണ രംഗത്ത് എത്തുന്നത്. നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം 148 കോടി കലക്ഷന്‍ നേടിയിരുന്നു. അതിനാല്‍ 44 കോടി ആദായ നികുതി വിഭാഗത്തില്‍ അടക്കേണ്ടി ഇരുന്നെങ്കിലും ഇത് അടച്ചിരുന്നില്ല. 32 കോടി രൂപ ചെലവ് ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കണക്ക് തെറ്റാണെന്ന നിലപാടാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് താന്‍ അല്ലെന്നും സഹായി ഷോണ്‍ ആണെന്നാണ് സൗബിന്‍ നല്‍കുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് സൗബിനെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കും.