Thu. Nov 28th, 2024

 

ലഖ്‌നൌ: വസ്തുതാ പരിശോധന വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ‘ഭാരതീയ ന്യായ സന്‍ഹിത’യുടെ 152-ാം വകുപ്പ് ഉപയോഗിച്ചാണ് രാജദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്.

ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹനാദിന്റെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പ് പങ്കിട്ടതിന് സുബൈറിനെതിരെ ഫയല്‍ ചെയ്ത കേസില്‍ ‘ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി’ എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

ഗാസിയാബാദിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ യതി നരസിംഹാനന്ദിന്റെ അനുയായികളുടെ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ പ്രതിപക്ഷ ‘ഇന്‍ഡ്യാ’ ബ്ലോക്കിലെ നേതാക്കള്‍ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രംഗത്തെത്തി. വിഘടന ശക്തികള്‍ക്കെതിരെ നിര്‍ഭയമായി പോരാടുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.

സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിനും വിയോജിക്കാന്‍ ധൈര്യപ്പെടുന്ന ആളുകള്‍ക്കെതിരെയും നിയമം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കേസില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ബിഎന്‍എസ് 152 വകുപ്പെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് നിയമത്തിന്റെ നഗ്‌നമായ ദുരുപയോഗമാണെന്ന് ലോക്സഭാ എംപിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശശികാന്ത് സെന്തില്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ തുറന്നുകാട്ടുന്ന ഒരു വസ്തുതാ പരിശോധകനെ ടാര്‍ഗറ്റ് ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളുടെ അപചയത്തെ എടുത്തുകാണിക്കുന്നു. സത്യം പറയുന്നതിനെ രാജ്യദ്രോഹമായി മുദ്രകുത്തുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാണെന്നും അദ്ദേഹം ‘എക്സി’ല്‍ എഴുതി.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഇതാദ്യമായല്ല സുബൈര്‍ പൊലീസ് നടപടി നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, തന്റെ സ്‌കൂളിലെ മുസ്‌ലിം കുട്ടിയെ തല്ലാന്‍ മറ്റു കുട്ടികളോട് പ്രധാനാധ്യാപിക ആജ്ഞാപിക്കുന്ന വിഡിയോ പങ്കുവെച്ചതിന് യുപി പൊലീസ് സുബൈറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.