Sun. Dec 29th, 2024

 

ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പുനിയ. ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുകയാണെന്ന് ബജ്രംഗ് പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് പിന്‍വലിക്കുമെന്നും താരം പറഞ്ഞു.

”വനിതാ ഗുസ്തി താരങ്ങളെ സമരത്തില്‍ പിന്തുണച്ചതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്. എല്ലാ ഏജന്‍സികളും സര്‍ക്കാറിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 10-12 വര്‍ഷമായി ഗുസ്തി മത്സര രംഗത്തുള്ളയാളാണ് ഞാന്‍.

എല്ലാ ടൂര്‍ണമെന്റിനും മുന്നോടിയായി ഉത്തേജക മരുന്ന് പരിശോധനക്കായി സാമ്പിള്‍ നല്‍കാറുണ്ട്. എന്നാല്‍ ഞങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. ഞങ്ങള്‍ അവര്‍ക്കു മുന്നില്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ എന്റെ എല്ലാ വിലക്കുകളും അവര്‍ പിന്‍വലിക്കും”, ബജ്രംഗ് പുനിയ പറഞ്ഞു.

സെലക്ഷന്‍ ട്രയലിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്ന വാദത്തെ ബജ്രംഗ് നിഷേധിച്ചു. പരിശോധനക്ക് കാലഹരണപ്പെട്ട കിറ്റാണ് അധികൃതര്‍ എത്തിച്ചത്. നാഡയെ ഇക്കാര്യം അറിയിച്ചു. എന്നാല്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇക്കാര്യം താന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ ബജ്രംഗ് വ്യക്തമാക്കി.

ഏപ്രില്‍ 23ന് പുനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര സംഘടനയും വിലക്കി. അപ്പീലിനെ തുടര്‍ന്ന് മേയ് 31ന് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. ഒടുവില്‍ വാദം കേട്ട ശേഷമാണ് നാലു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 23 മുതല്‍ നടപടി പ്രാബല്യത്തിലുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കാനോ വിദേശത്ത് കോച്ചിങ് അവസരങ്ങള്‍ തേടാനോ അനുവദിക്കില്ല.

നേരത്തേ, ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു പുനിയ. വനിതാ താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പം ബജ്രംഗ് പുനിയയും സമരരംഗത്ത് സജീവമായിരുന്നു. പിന്നീട് ഇക്കൊല്ലം വിനേഷ് ഫോഗട്ടിനൊപ്പം താരം കോണ്‍ഗ്രസില്‍ ചേര്‍ന്നു.