Thu. Nov 28th, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ ശനിയാഴ്ച അവധിയും ആര്‍ത്തവ അവധിയും പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിത ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ച് ഐടിഐകളിലെ വനിത ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നത്.

ഐടിഐ ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍നിശ്ചയിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താമെന്നും മന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.