Sat. Dec 14th, 2024

 

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍.

തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ വിവാദ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തി എന്നിവ കണ്ടെത്തുക, പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാം എന്നതില്‍ റിപ്പോര്‍ട്ട് നല്‍കണം, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ അടക്കം വേഗത്തില്‍ പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലാകാലങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണ സമിതി അറിയിച്ചു. പരിഗണനാ വിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്നും വിശദമായി പരിശോധിച്ചു വരികയാണെന്നും കണ്‍വീനര്‍ ജോസഫ് ബെന്നി വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.